സംസ്ഥാന ബജറ്റില്‍ മോട്ടോര്‍ വാഹന നികുതി കൂട്ടുന്നതായി പ്രഖ്യാപനം. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടുമെന്ന് ധനമന്ത്രി അറിയിച്ചു. പഴയ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി. മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി. ടൂറിസം മേഖലയിലുള്ള കാരവന് വാഹനങ്ങളുടെ നികുതി കുറച്ചു.
കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്നും പ്രാഥമികമായി 2000 കോടി അനുവദിച്ചു. ഇടുക്കി, വയനാട്, കാസര്‍കോട് എയര്‍ സ്ട്രിപ്പുകള്‍ക്ക് 4.5 കോടിയും ശബരിമല ഗ്രീന്‍ഫില്‍ഡ് വിമാനത്താവളത്തിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ രണ്ട് കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റര്‍ – ചെറുവിമാന സര്‍വ്വീസുകള്‍ നടത്താനുള്ള എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടിരൂപ വകയിരുത്തിയിട്ടുണ്ട്.
ബജറ്റില്‍ തിരക്കേറിയ റോഡുകള്‍ക്കും ജംഗ്ഷനുകള്‍ക്കും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകള്‍ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടില്‍ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബൈപ്പാസുകള്‍ നിര്‍മ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് വകയിരുത്തി.
Discussion about this post