കണ്ണൂർ: സംസ്ഥാന പാതയിലേക്ക് സൈക്കിൾ ഓടിച്ച് കയറ്റിയ കുട്ടി വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുട്ടി ഓടിച്ച സൈക്കിൾ ബൈക്കുമായി കൂട്ടിയിടിച്ച ശേഷം പാഞ്ഞ് വരുന്ന കെഎസ്ആർടിസി ബസിന് മുൻപിൽ തെറിച്ച് വീണു. സൈക്കിളിൽ നിന്നും പിടിവിട്ട് കുട്ടി റോഡിന് എതിർ ഭാഗത്തേക്ക് തെറിച്ചു വീണ് രക്ഷപ്പെട്ടു.
അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചൊറുക്കളയിൽ 20ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. താഴെ ചൊറുക്കള പെട്രോൾ പമ്പിന് സമീപം ഇറക്കമുള്ള റോഡിൽ നിന്ന് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലേക്ക് സൈക്കിളിൽ വന്ന കുട്ടി സംസ്ഥാന പാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിന് പിന്നാലെ വന്ന കെഎസ്ആർടിസി ബസിന് മുൻപിലേക്കു വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്ത് എത്തി. അപ്പോഴേക്കും സൈക്കിളിന് മുകളിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി.
ബസിന് തൊട്ടു പിന്നാലെ വന്ന കാർ അപകടം കണ്ട് നിർത്തി. അപ്പോഴേക്കും കുട്ടി ഉരുണ്ട് എഴുന്നേറ്റു. ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരും സമീപത്തുള്ള നാട്ടുകാരും ഓടിയെത്തി.
ഇറക്കത്തിൽ സൈക്കിളിന്റെ നിയന്ത്രണം വിട്ടാണ് സംസ്ഥാനപാതയിലേക്ക് കുട്ടി എത്തിയത്. വിരലിന് ചെറിയ പരുക്കേറ്റ കുട്ടി സുഖമായിരിക്കുന്നു.
Discussion about this post