കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ക്യാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ പറഞ്ഞു. അതിരുവിട്ട ആഘോഷം സ്കൂൾ മൈതാനത്ത് നടന്നിട്ടും സ്കൂൾ അധികൃതർ ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലബാർ ക്രിസ്ത്യന്‍ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെയും മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ അപകടം ഉണ്ടാവുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വിദ്യാർത്ഥികൾ ഗ്രൗണ്ടിൽ തെറിച്ച് വിഴുകയായിരുന്നു.
കള്ളന്‍തോട് എംഇഎസ് കോളേജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം. പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തു. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികൾ നിയന്ത്രിക്കാന്‍ അധികൃതർ ഇനിയെങ്കിലും കർശനമായി ഇടപെടണമെന്നും കോഴിക്കോട് ആർടിഒ പറഞ്ഞു. കേസിലുൾപ്പെട്ട വിദ്യാർത്ഥികളുടെയും ജെസിബി ഡ്രൈവറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് പിഴയീടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post