പാലർമൊ: യൂറോ ചാമ്പ്യന്മാരായ ഇറ്റലി ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ ദുർബലരായ നോർത്ത് മാസിഡോണിയയോട് തോറ്റാണ് ഇറ്റലി പുറത്തായത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് മാസിഡോണിയ ഇറ്റലിയെ പരാജയപ്പെടുത്തിയത്.
ഇൻജുറി ടൈമിൽ അലക്സാണ്ടർ താജ്കോവ്സ്കിയാണ് നോർത്ത് മാസിഡോണിയയുടെ വിജയഗോൾ നേടിയത്. അതേസമയം ആദ്യ പ്ലേഓഫിൽ തുർക്കിയെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം മാത്രം അകലെയെത്തി.
നേരത്തെ, 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനും ഇറ്റലിക്കു യോഗ്യത നേടാനായിരുന്നില്ല. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഇറ്റലി ജേതാക്കളായിരുന്നു. യൂറോ കപ്പ് ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു ഇറ്റലിയുടെ കിരീടനേട്ടം. യൂറോകപ്പ് നേടി വെറും എട്ടു മാസം പിന്നിടുമ്പോഴാണ് നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്താകുന്നത്.












