തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ വലയുന്ന മലയാളികൾക്ക് ആശ്വാസം നൽകുന്ന തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന വിലയ്ക്കൊപ്പം നികുതി വരുമാനവും കൂടുന്നെങ്കിലും കൂടുന്ന നികുതി കുറയ്ക്കാൻ സാധിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഇന്ധന നികുതി. ഇത് കുറച്ചാൽ സംസ്ഥാനത്തിന് 17,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം നേരത്തെ ഇന്ധന വില വർദ്ധനവ് ഉണ്ടായപ്പോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് ആനുപാതികമായി ഇന്ധന വിലയിൽ കുറവ് വന്നിരുന്നു. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി മിക്ക സംസ്ഥാനങ്ങളും കൂടിയ ഇന്ധന നികുതി വേണ്ടെന്ന് വച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലൊക്കെ ഇന്ധന വിലയിൽ പത്ത് രൂപയ്ക്ക് മുകളിൽ കുറവ് വന്നിരുന്നു. എന്നാൽ കേരളവും കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളും നികുതി കുറയ്ക്കാൻ തയ്യാറായിരുന്നില്ല.
കൂടാതെ റഷ്യയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയിരുന്നു. ഇതോടെ ഇന്ധനവിലയിൽ മെയ് മാസത്തോടെ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. റഷ്യ- ഉക്രെയ്ൻ യുദ്ധവും ഏഷ്യൻ രാജ്യങ്ങളിൽ തുടരുന്ന പ്രതിസന്ധിയുമാണ് ഇന്ധന വിലക്കയറ്റത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Discussion about this post