കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ വിശാല സഖ്യമുണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്നോ വേണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
മതേതരത്വം സംരക്ഷിക്കാനുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ട് പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. അങ്ങനെയുള്ളവരെ മതേതരത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് എങ്ങനെ ക്ഷണിക്കുമെന്ന് യെച്ചൂരി ചോദിച്ചു. കെ.വി തോമസിന്റെ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയുമാണ് ഇടതുപാര്‍ട്ടികളുടെ മുഖ്യലക്ഷ്യമെന്ന് യെച്ചൂരി ആവർത്തിച്ചു. ഇതിനായി ഇടത് ഐക്യം ശക്തിപ്പെടുത്തുമെന്നും വിശാല മതേതര സഖ്യമുണ്ടാക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇതിനായി മതേതര പാര്‍ട്ടികള്‍ പരമാവധി ഒന്നിച്ച് നില്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.







