കോഴിക്കോട്: കോടഞ്ചേരി ലവ് ജിഹാദ് വിഷയത്തിൽ സിപിഎമ്മിൽ തമ്മിലടി രൂക്ഷമായി തുടരുന്നു. ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ വീണ്ടും രംഗത്ത് വന്നു. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണെന്നും പി മോഹനൻ പരിഹസിച്ചു.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയിൽ ഈ വിവാഹം മുൻ നിർത്തി പാർട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. അത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അത് അടക്കം തിരുത്താനാണ് പൊതുയോഗമെന്നും മോഹനൻ പറഞ്ഞു.
ലൗ ജിഹാദിനെ പറ്റിയുള്ള പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷെജിനും ജോയ്സനയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം ഉറപ്പാക്കുമെന്നും പി മോഹനൻ അറിയിച്ചു. പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്. ഷെജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.
Discussion about this post