തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സര രംഗത്ത് മുക്കാല്‍ ലക്ഷം പേര്‍. രാത്രി വൈകി എല്ലാ ജില്ലകളിലും സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറായപ്പോള്‍ 21,871 തദ്ദേശ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കാന്‍ ആകെ 75,549 മല്‍സരാര്‍ഥികളുണ്ടാകുമെന്നു വ്യക്തമായി. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മല്‍സരിക്കാന്‍ 1.31 ലക്ഷം പേര്‍ പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചതും തള്ളിയതുമായി അര ലക്ഷത്തോളം പേര്‍ കളത്തിനു പുറത്തായി.
14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282 പേരും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6915 സ്ഥാനാര്‍ഥികളും 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956 പേരും മല്‍സരിക്കും. 86 മുനിസിപ്പാലിറ്റികളില്‍ 10433 പേരും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1963 സ്ഥാനാര്‍ഥികളുമുണ്ട്.
തര്‍ക്കങ്ങളും പരാതികളും കാരണം ഏറെ വൈകിയാണ് മിക്ക ജില്ലകളിലും സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കല്‍ പൂര്‍ത്തിയായത്. സ്ഥാനാര്‍ഥി പട്ടികകള്‍ ഇന്നലെ രാത്രി തന്നെ ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈമാറി. രണ്ടു ദിവസത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കും. തപാല്‍ വോട്ടിനും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ പതിക്കുന്നതിനുമാണ് ബാലറ്റ് പേപ്പര്‍ തയ്യാറാക്കുന്നത്.
നവംബര്‍ രണ്ട്, അഞ്ച് തീയതികളിലായാണ് വോട്ടെടുപ്പ്. നവംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നവംബര്‍ അഞ്ചിന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പ് നടക്കും. നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍. 2.49 ലക്ഷം വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ വിധിയെഴുതുന്നത്.
Discussion about this post