തൃശൂർ: കുന്ദംകുളത്ത് കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ആൾ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് ബസ് ഇടിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുന്നംകുളം ജങ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പരസ്വാമിയെ ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചത്. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ കെ-സ്വിഫ്റ്റ് ബസും കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്ന ഉടനെ പരസ്വാമിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. കെ സ്വിറ്റ് ബസുകൾ നിരത്തിലിറങ്ങിയ ശേഷം ഇവ പതിവായി അപകടത്തിൽ പെടുകയാണ്. കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനാണ് സർവീസ് ഉദ്ഘാടനം ചെയ്തത്.











