ഡൽഹി: രാജസ്ഥാനിലെ ആൾവാറിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ആൾവാറിലെ സരായ് മൊഹല്ലയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ രൂക്ഷ പ്രതികരണവുമായി ബിജെപി രംഗത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് രാജ്ഗഢ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബുൾഡോസർ ഉപയോഗിച്ച് ക്ഷേത്രം തകർത്ത ശേഷം വിഗ്രഹങ്ങൾ ഇളക്കി മാറ്റുകയായിരുന്നു.
വികസനത്തിന്റെ പേരിൽ പുരാതനമായ ഹിന്ദു ക്ഷേത്രം തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ജഹാംഗിർപുരിയിലും കരൗളിയിലും മുതലക്കണ്ണീർ പൊഴിച്ച കപടമതേതരവാദികൾ ഇപ്പോൾ എവിടെയെന്ന് വിശ്വ ഹിന്ദു പരിഷത്ത് ചോദിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ബിജെപി അഞ്ചംഗ സമിതിയെയും നിയോഗിച്ചു.
ജഹാംഗിർപുരിലും കരൗളിയിലും അനധികൃത കൈയ്യേറ്റങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾ പൊളിച്ച് മാറ്റിയപ്പോൾ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് മാനിച്ച് ജഹാംഗിർപുരിൽ നിർത്തിയിട്ടിരുന്ന ബുൾഡോസറിന് മുന്നിൽ നിന്ന് വിരൽ ചൂണ്ടുന്ന സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ തീർത്തിരുന്നു.
Discussion about this post