ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായുളള ബന്ധത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറല്‍ എം.എം നരവനെ. ‘പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍, ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ നിന്നും അവര്‍ പിന്മാറണം. എങ്കില്‍ മാത്രമേ ഇന്ത്യ മുന്നോട്ടുള്ള നിലപാട് സ്വീകരിക്കുകയുള്ളൂ’, അദ്ദേഹം പറഞ്ഞു. കരസേനാ മേധാവി സ്ഥാനം ഒഴിയുന്നതിന് പിന്നാലെയാണ് നരവനെ പൊതുവായ നിലപാട് വ്യക്തമാക്കിയത്.
നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പാക് സൈനിക മേധാവി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാടുകള്‍ നരവനെ വിശദീകരിച്ചത്. ‘പാകിസ്ഥാനുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഇന്ത്യയ്ക്ക് പ്രശ്നമില്ല. എന്നാല്‍, അതിന് മുന്‍പ് ഭീകരരെ ഒളിപ്പിക്കുകയും ഭീകര സംഘടനകള്‍ക്ക് വേണ്ടി വിദേശ ഫണ്ട് തട്ടുകയും, കൊടുംഭീകരരെ ഏത് വിധേനയും സംരക്ഷിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ പ്രവണത അവസാനിപ്പിക്കണം’, അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രവും പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ അയല്‍ രാജ്യങ്ങള്‍ അസ്ഥിരമാകുന്നത് നല്ലതല്ലെന്നും അത് ഒരിക്കലും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post