സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അലങ്കോലമാക്കാൻ വേണ്ടി നവോത്ഥാന കാർഡ് എടുത്ത് ആയിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കിയും തല്ലിച്ചതും ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , സമസ്തയുടെ ചടങ്ങിൽ നടന്ന ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നാണ് മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാര് ഇന്നലെ പറഞ്ഞത്. മലപ്പുറത്ത് മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ഉപഹാരം വാങ്ങാന്‍ പത്താംതരം വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചപ്പോഴായിരുന്നു എം ടി അബ്ദുള്ള മുസ്ലിയാരുടെ ഇടപെടല്‍. പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് ക്ഷണിച്ചതിന് അബ്ദുള്ള മുസ്ലിയാര് സംഘാടകരെ രൂക്ഷമായ ഭാഷയിലാണ് ശാസിച്ചത്.
ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചുതരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ലിയാര് ശാസിച്ചത്.
അതേസമയം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കൂടിയായ എം ടി അബ്ദുള്ള മുസ്ലിയാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാർ എന്നവകാശപ്പെട്ട് കുറെ കോപ്രായങ്ങൾ കാട്ടിയ സംസ്ഥാന ഭരണകർത്താക്കളും സാംസ്കാരിക നായക വേഷമിട്ട് അവർക്ക് കുഴലൂതിയവരും മനുഷ്യമതിലു പിടിച്ചവരും ഈ വീഡിയോയ്ക്ക് മറുപടി പറയണം.
നമ്മുടെ കേരളത്തിൽ സമസ്ത , നടത്തിയ ഒരു പരിപാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഏതോ പാരിതോഷികം നൽകാൻ വേദിയിലേക്ക് ക്ഷണിക്കുന്നു. കറുത്ത ബുർഖ ധരിച്ച് വേദിയിൽ എത്തിയ പെൺകുട്ടിയെ കണ്ടപാടെ ഉസ്താദിന്റെ ഭാവം മാറുന്നു.
പാരിതോഷികം നൽകാൻ വിസമ്മതിച്ച് പെൺകുട്ടിയെ അപമാനിക്കുക മാത്രമല്ല, മേലിൽ ഇതാവർത്തിച്ചാൽ കാണിച്ചു തരാമെന്ന് ഉസ്താദ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമസ്തയുടെ ചടങ്ങാണെന്നറിയില്ലേ രക്ഷിതാവിനെ വിളിക്കൂ എന്ന് പറയുമ്പോൾ വേദിയിലുള്ള മറ്റൊരു രക്ഷിതാവ് പറയുന്നു, എന്റെ കുട്ടിയെ ഞാൻ വിളിച്ചിട്ടില്ല എന്ന്. പെൺകുട്ടി വേദിയിൽ കയറുന്നത് മഹാപരാധമാണെന്ന് ആ രക്ഷിതാവ് മനസ്സിലാക്കിയിരിക്കുന്നു! ഒരു പത്താം ക്ലാസുകാരി പെൺകുട്ടി വേദിയിൽ കയറുന്നത് മഹാപാപമെന്ന് വിശ്വസിക്കുന്നവർ അധിവസിക്കുന്ന കേരളമാണ് നവോത്ഥാനത്തിന്റെ പേരിൽ മേനി നടിക്കുന്നതെന്നോർക്കുക! ഈ ലിംഗ വിവേചന നടപടിയിൽ അസാധാരണത്വം തോന്നാത്ത ഇവിടുത്തെ നിയമ സംവിധാനമാണ് അതിലും ഭീകരം.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അലങ്കോലമാക്കാൻ വേണ്ടി നവോത്ഥാന കാർഡ് എടുത്ത് ആയിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കിയും തല്ലിച്ചതും ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , സമസ്തയുടെ ചടങ്ങിൽ നടന്ന ലിംഗ വിവേചനത്തിൽ നിലപാട് വ്യക്തമാക്കണം. ഒരു ബാലികയെ വേദിയിൽ കയറ്റി അപമാനിച്ചതിന് ബാലാവകാശ കമ്മീഷൻ എന്തു നടപടി എടുത്തുവെന്നും വ്യക്തമാക്കണം.
സംസ്ഥാനത്തെ സാമൂഹിക അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സർക്കാർ. ലവ് ജിഹാദ് ഒരു യാഥാർത്ഥ്യമാണെന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം ഇത്തരക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മുമ്പ് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാടനും ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അവരെ പോലീസ് കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാനുള്ള വിഫല ശ്രമമാണ് നടത്തിയത്. ഇതേ അഭിപ്രായം തുറന്നു പറഞ്ഞ സി.പി.എം. മുൻ എം.എൽ.എ. ജോർജ്ജ് എം. തോമസിനെ പരസ്യ ശാസനയെന്ന പാർട്ടി അച്ചടക്ക വാൾ കാട്ടി നാവടക്കിച്ചു .
ഇതു കൊണ്ടൊന്നും ജനങ്ങളുടെ ബോധ്യത്തെ ഇല്ലാതാക്കാനാവില്ല. ലവ് ജിഹാദ് വിഷയത്തിൽ ശ്രീമാൻ വെള്ളാപ്പള്ളി നടേശനും ആദരണീയരായ ബിഷപ്പുമാരും സ്വന്തം പാർട്ടിയുടെ മുൻ എം.എൽ.എയും പ്രകടിപ്പിച്ച ആശങ്കകളെപ്പറ്റി സംവാദത്തിന് സി.പി.എം.നെ ക്ഷണിക്കുകയാണ്. തൃക്കാക്കര വേദിയാക്കാം. സ്ഥാനാർത്ഥി ഡോക്ടറാവണോ രോഗിയാവണോ എന്നൊക്കെയുള്ള ബാലിശ വിഷയങ്ങൾ വിട്ട് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ചയാവട്ടെ. ജനങ്ങൾ വിധിയെഴുതട്ടെ.
Discussion about this post