ഡല്‍ഹി: സേവന നിരക്ക് (സര്‍വീസ് ചാര്‍ജ്) നല്‍കാന്‍ റസ്റ്റോറന്‍റുകള്‍ക്ക് ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താവിന്‍റെ വിവേചനാധികാരം വെച്ച് വേണമെങ്കില്‍ ഇത്തരം നിരക്കുകള്‍ നല്‍കാം. എന്നാല്‍, നിയമപ്രകാരം ഇത് നിര്‍ബന്ധമല്ല. സേവന നിരക്ക് നല്‍കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത് എന്ന് കാണിച്ച് റസ്റ്റോറന്‍റുകള്‍ക്ക് ഉപഭോക്തൃകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിഷയവുമായി ബന്ധപ്പെട്ട് നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈനില്‍ നിരവധി പരാതികള്‍ വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാഷനല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് (എന്‍.ആര്‍.എ.ഐ) ഇതുസംബന്ധിച്ച നിര്‍ദേശം ഉപഭോക്തൃകാര്യ വകുപ്പ് കൈമാറി.
റസ്റ്റോറന്‍റുകള്‍ പലപ്പോഴും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഉയര്‍ന്ന സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും ഇത് നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവുകയാണെന്നും ഇതില്‍ പറയുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങളെ സാരമായി ബാധിക്കുന്നതിനാല്‍ വിഷയം വിശദമായി പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത്കുമാര്‍ സിങിന്‍റെ കത്തില്‍ പറയുന്നു.
റസ്റ്റോറന്റുകള് ഈടാക്കുന്ന സര്‍വീസ് ചാര്‍ജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപഭോക്തൃകാര്യ വകുപ്പ് ജൂണ്‍ രണ്ടിന് എന്‍.ആര്‍.എ.ഐയുമായി യോഗം ചേരും. ഹോട്ടലുകളും റസ്റ്റോറന്റുകളും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ 2017 ഏപ്രില്‍ 21ന് പ്രസിദ്ധീകരിച്ചതായി ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.
റസ്റ്റോറന്റിലേക്കുള്ള ഉപഭോക്താവിന്റെ പ്രവേശനം സര്‍വീസ് ചാര്‍ജ് നല്‍കാനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഉപഭോക്താവ് ഒരു ഓര്‍ഡര്‍ നല്‍കുന്നതിന് സേവന നിരക്ക് അടക്കാന്‍ നിര്‍ബന്ധിതനാകുകയാണെങ്കില്‍ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അത് വ്യവസായ നയത്തിന് എതിരാണ്. മെനു കാര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഭക്ഷണത്തിന്‍റെ നികുതി അടക്കമുള്ള വില നല്‍കാനേ ഉപഭോക്താവ് ബാധ്യസ്ഥനാവൂ എന്നും മറ്റുള്ള സര്‍വീസ് ചാര്‍ജുകള്‍ ബാധകമല്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.
Discussion about this post