ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ്. മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസെടുത്തത് എന്നും ആലപ്പുഴ എസ് പി അറിയിച്ചു.
ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കേസില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ആളും പ്രതിയാകും.
കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചതിന് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. മതസ്പര്‍ദ്ദ സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 153 A വകുപ്പ് പ്രകാരം ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. റാലിക്കിടെയില്‍ ഒരു കൊച്ചുകുട്ടിയാണ് മുദ്രാവാക്യം വിളിച്ചത്. റാലിയില്‍ ഒരാള്‍ തോളിലേറ്റിയിരുന്ന കുട്ടിയാണ് മുദ്രാവാക്യം വിളിച്ചത്. മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തിയത്.
ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് അഭിഭാഷക പരിഷത്തിന്റെ പരാതിയല്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം കുട്ടി വിളിച്ചത് സംഘാടകര്‍ നല്കിയ മുദ്രാവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.
Discussion about this post