പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ഗുജറാത്ത് ഗൗരവ് അഭിയാനി’ല്‍ പങ്കെടുത്തു. നവസാരിയിലെ ഗിരിവര്‍ഗ മേഖലയായ ഖുദ്വേലില്‍ ‘ഗുജറാത്ത് ഗൗരവ് അഭിയാന്’ വേളയില്‍ അദ്ദേഹം നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി.
7 പദ്ധതികളുടെ ഉദ്ഘാടനവും 12 പദ്ധതികളുടെ ശിലാസ്ഥാപനവും 14 പദ്ധതികളുടെ ഭൂമിപൂജയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ മേഖലയിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനും സമ്പര്‍ക്കസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര രജനികാന്ത് പട്ടേല്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, വലിയ തോതില്‍ ഗിരിവര്‍ഗക്കാര്‍ ഇവിടെ ഒത്തുകൂടിയതു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഗിരിവര്‍ഗ സഹോദരങ്ങളോടുള്ള സ്നേഹത്തുടര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിമാനത്തോടെ വ്യക്തമാക്കി. ഗിരിവര്‍ഗക്കാരുടെ കഴിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മഹത്വത്തെക്കുറിച്ചു പറഞ്ഞ അദ്ദേഹം നവസാരിയെ നമിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു ദശകങ്ങളിലെ അതിവേഗത്തിലുള്ളതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനവും ഈ വികസനത്തില്‍ നിന്നു പിറന്ന പുതിയ അഭിലാഷവുമാണു ഗുജറാത്തിന്റെ അഭിമാനം. ‘ഇരട്ട എന്ജിന് ഗവണ്മെന്റ്’ ഈ മഹത്തായ പാരമ്ബര്യം ആത്മാര്‍ത്ഥമായി മുന്നോട്ടു കൊണ്ടുപോകുന്നു. ദക്ഷിണ ഗുജറാത്തിലെ സൂറത്ത്, നവസാരി, വല്‍സാഡ്, താപീ ജില്ലകളില്‍ ഇന്നുദ്ഘാടനം ചെയ്ത പദ്ധതികള്‍ ജീവിതസൗകര്യം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post