ഡൽഹി: ഗുജറാത്ത് കലാപക്കേസിൽ 22 വർഷങ്ങൾക്ക് ശേഷം സത്യം തെളിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റാരോപണങ്ങൾ സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാൻ വലിയ ഗൂഢാലോചനയാണ് നടന്നത്. അതെല്ലാം പൊളിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു.
നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. പാര്‍ട്ടിക്ക് ഒന്നും മറച്ച് വയ്ക്കാനില്ല. ബിജെപിയുടെ മേൽ വീണ കളങ്കം മാറിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു. പ്രധനമന്ത്രി ഉൾപ്പെടെ 64 പേരുടെ കലാപത്തിലെ പങ്ക് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാക്കിയ ജഫ്രി നൽകിയ ഹർജി ജസ്റ്റിസുമാരായ എ എം ഖാവിൽകർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി.
അന്വേഷണത്തിൽ അപാകതയുണ്ടായി എന്ന പരാതിക്കാരിയുടെ വാദം സാധൂകരിക്കാൻ തക്ക കാരണങ്ങളൊന്നും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ, പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം ശരിവെക്കുകയാണ്. സാകിയ ജഫ്രിയുടെ ഹർജി മെറിറ്റ് ഇല്ലാത്തതാണെന്നും, അതിനാൽ തള്ളുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2002 ഫെബ്രുവരി 27ന് സബർമതി എക്സ്പ്രസിലെ എസ്-6 കോച്ചിൽ 59 കർസേവകരെ ഇസ്ലാമിക മൗലികവാദികൾ ചുട്ടു കരിച്ചതോടെയാണ് ഗുജറാത്തിൽ കലാപം ആരംഭിച്ചത്. കലാപത്തിൽ, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ട് എന്നായിരുന്നു സാകിയ ജഫ്രിയുടെ ആരോപണം. തുടർന്ന് 2009ൽ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണം സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 2010ൽ സംഘം മോദിയെ ചോദ്യം ചെയ്തു. തുടർന്ന് 2012 ഫെബ്രുവരി 8ന്, നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്കെതിരെയും തെളിവുകൾ ഒന്നും തന്നെ ഇല്ല എന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇവർക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
മജിസ്ട്രേറ്റ് കോടതി ഈ റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്ന് സാകിയ ജഫ്രി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2017 ഒക്ടോബർ 5ന് ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതിയും ഇത് തള്ളിയതോടെ, പ്രധാനമന്ത്രിയുടെ നിരപരാധിത്വം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.







