അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയെ യുസ് വധിച്ചു. അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണത്തിലാണ് സവാഹരിയെ വകവരുത്തിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സിഐഎ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. 9/11 ഭീകരാക്രമണത്തിൻറെ സൂത്രധാരനായിരുന്നു അൽ സവാഹിരി. അൽസവാഹിരിയും ഒസാമ ബിൻ ലാദനും ചേർന്നാണ് 9/11 ആക്രമണത്തിന് പദ്ധതിയിട്ടത്. അതുകൊണ്ടുതന്നെ സവാഹിരി അമേരിക്കയുടെ “മോസ്റ്റ് വാണ്ടഡ് തീവ്രവാദി”കളിൽ ഒരാളായിരുന്നു.
11 വർഷം മുമ്പാണ് അമേരിക്ക ബിൻ ലാദനെ വധിച്ചത്. പിന്നീട് സവാഹിരി അൽ-ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. ഒളിവിൽ നിന്നുകൊണ്ടാണ് സവാഹിരി അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചത്.ഒളിവിലിരുന്നുകൊണ്ട് യുഎസിനെതിരായ ആക്രമണങ്ങൾക്കും സവാഹിരി ആഹ്വാനം ചെയ്തതായി ബൈഡൻ വ്യക്തമാക്കി. “ഇപ്പോൾ നീതി ലഭിച്ചിരിക്കുന്നു, ഈ ഭീകരൻ ഇനി ഭൂമിയിലില്ല”, ബൈഡൻ കൂട്ടിച്ചേർത്തു. രണ്ട് മിസൈലുകൾ തൊടുത്തുവിടുമ്പോൾ സവാഹിരി സുരക്ഷിതമായി ഒരു വീടിന്റെ ബാൽക്കണിയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സവാഹിരിയുടെ മറ്റ് കുടുംബാംഗങ്ങൾ അവിടെയുണ്ടായിരുന്നുവെങ്കിലും അവർക്ക് പരിക്കേറ്റിട്ടില്ല . ആക്രമണത്തിൽ സവാഹിരി മാത്രമാണ് കൊല്ലപ്പെട്ടത്, അമേരിക്ക സ്ഥിരീകരിച്ചു.
“എത്ര സമയമെടുത്താലും, നിങ്ങൾ എവിടെ ഒളിച്ചാലും, നിങ്ങൾ ഞങ്ങളുടെ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ, അമേരിക്ക നിങ്ങളെ കണ്ടെത്തി പുറത്തുകൊണ്ടുവരും, , “ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിന്ന് ഞങ്ങൾ ഒരിക്കലും പിന്മാറുകയില്ല. “ബൈഡൻ പറഞ്ഞു.2001 ലെ ആക്രമണത്തിൽ ഇരയായ മൂവായിരത്തോളം കുടുംബാംഗങ്ങൾക്കുള്ള ആശ്വാസമാണ് ഈ വാർത്തയെന്നും ബൈഡൻ വ്യക്തമാക്കി. 2000 ഒക്ടോബറിൽ 17 യുഎസ് നാവികർ കൊല്ലപ്പെട്ട യുഎസ്എസ് കോൾ നേവൽ ഡിസ്ട്രോയറിന്റെ ചാവേർ ബോംബാക്രമണം, 1998ൽ കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികൾക്ക് നേരെ നടത്തിയ ആക്രമണം എന്നിവയുൾപ്പെടെയുള്ള പ്രധാനഭീകരാക്രമണങ്ങളുടെ സൂത്രധാരൻ സവാഹിരിയാണെന്ന് ബൈഡൻ പറഞ്ഞു. അഫ്ഗാനിസ്ഥാൻ ഇനിയൊരിക്കലും തീവ്രവാദികളുടെ സുരക്ഷിത താവളമാകില്ലെന്നും ബൈഡൻ താക്കീത് നൽകി.
യുഎസ് ഓപ്പറേഷനെ അന്താരാഷ്ട്ര തത്വങ്ങളുടെ വ്യക്തമായ ലംഘനമാണെന്നാണ് താലിബാൻ വക്താവ് പറഞ്ഞത്. അമേരിക്കൻ ഐക്യനാടുകളുടെയും അഫ്ഗാനിസ്ഥാന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ് യുഎസ് നടപടിയെന്ന് അഫ്ഗാൻ വക്താവ് കൂട്ടിച്ചേർത്തു.
കാബൂളിൽ സവാഹിരിക്ക് ആതിഥ്യമരുളുകയും അഭയം നൽകുകയും ചെയ്തതിലൂടെ താലിബാൻ സമാധാന ഉടമ്പടിയുടെ കടുത്ത ലംഘനമാണ് നടത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. ഓപ്പറേഷന് നിയമപരമായ അടിത്തറയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ വാദിച്ചു. യുഎസുമായുള്ള 2020 ലെ സമാധാന ഉടമ്പടി പ്രകാരം, അൽ-ഖ്വയ്ദയെയോ മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പിനെയോ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ സമ്മതിച്ചിരുന്നു. എന്നിട്ടും, താലിബാനും അൽ-ഖ്വയ്ദയും ദീർഘകാലമായി സഖ്യകക്ഷികളാണ്. കാബൂളിൽ സവാഹിരിയുടെ സാന്നിധ്യത്തെക്കുറിച്ച് താലിബാൻ അറിഞ്ഞിരുന്നതായും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post