കാസർകോഡ്: കുമ്പള അനന്തപുരം അനന്തപത്മനാഭ തടാക ക്ഷേത്രത്തിൽ ഭക്തർക്ക് അത്ഭുതമായി ജീവിച്ചിരുന്ന മുതല ബബിയ ഓർമ്മയായി. 75 വയസോളം വരുന്ന ബബിയ സസ്യാഹാരിയായിരുന്നു. രാവിലെയും ഉച്ചയ്ക്കും ക്ഷേത്രത്തിൽ നിന്നും നൽകുന്ന നിവേദ്യമായിരുന്നു ഭക്ഷണം.
ക്ഷേത്രക്കുളത്തിൽ ബബിയ എത്തിയത് എങ്ങനെയാണെന്ന് കൃത്യമായി ആർക്കും അറിയില്ല. ഇവിടെയെത്തുന്ന ഭക്തർക്ക് അത്ഭുതവും കൗതുകവുമായിരുന്നു ബബിയ. ദൈവത്തിന്റെ പ്രതിരൂപമായിട്ടായിരുന്നു ഭക്തർ മുതലയെ കണ്ടിരുന്നത്. തടാകത്തിന് നടുവിലാണ് അനന്തപുരം ക്ഷേത്രത്തിന്റെ ശ്രീകോവിൽ. രണ്ട് വർഷത്തോളം മുൻപ് പൂജാസമയത്ത് ഒരിക്കൽ ക്ഷേത്ര ശ്രീകോവിലിന് മുൻപിലേക്ക് എത്തിയ ബബിയയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു.
കുളത്തിലെ ഗുഹകളിൽ ഒന്നിലായിരുന്നു ബബിയയുടെ വാസം. കുളത്തിലെ മറ്റ് ജീവജാലങ്ങൾക്കോ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കോ ഇതുവരെ യാതൊരു ഉപദ്രവവും ബബിയ ഉണ്ടാക്കിയിട്ടില്ല.
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപുരം അനന്തപത്മനാഭ തടാക ക്ഷേത്രമെന്നാണ് വിശ്വാസം. തിരുവനന്തപുരത്ത് ക്ഷേത്രം നിർമിക്കും മുൻപ് അനന്തപത്മനാഭൻ കുടികൊണ്ടത് ഈ തടാകക്ഷേത്രത്തിൽ ആയിരുന്നുവെന്നും പറയപ്പെടുന്നു. തടാകത്തിന്റെ വലതുഭാഗത്തുളള വലിയ ഗുഹയും ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ശയന രൂപത്തിലാണെങ്കിൽ ഇവിടെ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ഇന്ത്യയിലെ ഏക തടാക ക്ഷേത്രം കൂടിയാണിത്.












