നാല് പതിറ്റാണ്ടിലേറെയായി ദുരൂഹത തുടരുന്ന സുകുമാരക്കുറുപ്പ് കേസ് പുതിയ വെളിപ്പെടുത്തലുകളോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും എഐ തരംഗവും ശക്തമാകുന്നു. കുറുപ്പ് ബ്രൂണെയിൽ മറ്റൊരു പേരിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നതോടെ ഇൻസ്റ്റാഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ സുകുമാരക്കുറുപ്പിന്റെ പേരിൽ നിരവധി പ്രൊഫൈലുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുറുപ്പിന്റെ പഴയ ഫോട്ടോകൾക്കൊപ്പം വാർദ്ധക്യകാല രൂപമെന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളും വീഡിയോകളും ഇത്തരം അക്കൗണ്ടുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഓണക്കാലമായതിനാൽ തന്നെ കുറുപ്പ് ആഘോഷങ്ങളിൽ ഭാഗമാകുന്ന വിഡിയോകൾ വരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങൾ കേരള പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്റർപോൾ മുഖേന കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. മാത്രമല്ല, വർഷങ്ങൾക്ക് മുൻപ് തന്നെ ഹൃദ്രോഗം മൂലം കുറുപ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തലുകൾ. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ‘സുകുമാരക്കുറുപ്പിന്റെ പുതിയ ചിത്രങ്ങൾ’ ഔദ്യോഗികമായി സ്ഥിരീകരിച്ചതല്ലെന്നും എഐ നിർമ്മിത വ്യാജ ഉള്ളടക്കങ്ങൾ കണ്ട് പൊതുജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുതെന്നും മുന്നറിയിപ്പുണ്ട്. ഡിജിറ്റൽ ലോകത്തെ ഇത്തരം വ്യാജ അക്കൗണ്ടുകൾ വലിയ കൗതുകമുണർത്തുമ്പോഴും, പോലീസിന്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നാണ് നിർദ്ദേശം.








