ദോഹ: പോർച്ചുഗലിനെതിരെ തകർപ്പൻ ജയവുമായി ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കൊറിയയുടെ വിജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർത്തയുടെ ഗോളിലൂടെ പോർച്ചുഗൽ ലീഡ് നേടി.
എന്നാൽ, ഇരുപത്തിയേഴാം മിനിറ്റിൽ കിം യൂംഗ് ഗ്വോൺ കൊറിയയുടെ സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു കൊറിയയുടെ വിജയ ഗോൾ. ഹീ ചാൻ ചാംഗായിരുന്നു കൊറിയയുടെ ഗോൾ സ്കോറർ. കൊറിയയോട് തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി പോർച്ചുഗലും നോക്കൗട്ടിലെത്തി. അട്ടിമറി ജയത്തോടെ കൊറിയ പ്രീ ക്വാർട്ടറിൽ കടന്നതോടെ, ഘാനയെ പരാജയപ്പെടുത്തിയിട്ടും യുറഗ്വേ ലോകകപ്പിൽ നിന്നും പുറത്തായി.
ഘാനക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു യുറഗ്വേയുടെ വിജയം. ഘാനയുടെ ക്യാപ്ടൻ പെനാൽറ്റി പാഴാക്കിയത് അവർക്ക് കനത്ത തിരിച്ചടിയായി. ഇതോടെ 2010ലെ പരാജയത്തിന് പകരം വീട്ടാനുള്ള സുവർണാവസരം ഘാനക്ക് നഷ്ടമായി. ഇരുപത്തിയാറാം മിനിറ്റിലും മുപ്പത്തിരണ്ടാം മിനിറ്റിലുമായിരുന്നു യുറഗ്വേയുടെ വിജയ ഗോളുകൾ.
യുറഗ്വേയെ പരാജയപ്പെടുത്താൻ സാധിച്ചില്ലെങ്കിലും, 2010ൽ മത്സരത്തിന്റെ അന്തസ്സിന് കളങ്കം വരുത്തി ഘാനയെ പുറത്താക്കി ആർത്തു ചിരിച്ച സുവാരസിന്റെ കണ്ണീർ ഘാനക്ക് മുന്നിൽ തന്നെ ഖത്തറിന്റെ മൈതാനത്ത് വീണത് കാലത്തിന്റെ കാവ്യനീതിയായി.












