കോട്ടയം: ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ എം പി പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തെ ചൊല്ലിയുള്ള പോര് മുറുകുന്നു. തങ്ങളെ അറിയിക്കാതെയാണ് പരിപാടി നടത്തുന്നതെന്നും അതിനാല്‍ കെപിസിസി അച്ചടക്ക സമിതിക്ക് പരാതി നല്‍കുമെന്ന കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെ വക വെക്കാതെ എന്ത് സംഭവിച്ചാലും പരിപാടിയില്‍ പങ്കെടുക്കുമെന്ന ഉറച്ച നിലപാടിലാണ് ശശി തരൂര്‍. പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തേ സംഘാടകര്‍ക്ക് വാക്ക് നല്‍കിയതാണെന്നും അതിനാല്‍ ആരൊക്കെ വരും വരില്ല എന്നത് തന്റെ വിഷയമല്ലെന്നും തരൂര്‍ വ്യക്തമാക്കി.
ഈരാറ്റുപേട്ടയിലെ തരൂര്‍ പങ്കെടുക്കുന്ന മഹാസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്ന പരിപാടികള്‍ക്ക് ഒപ്പം നില്‍ക്കില്ലെന്നും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു. തന്നെ അറിയിക്കാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും അറിയിച്ചു. എന്നാല്‍ ആരെയാണ് ക്ഷണിച്ചത് ആര്‍ക്കൊക്കെ അസൗകര്യമുണ്ട് തുടങ്ങിയ വിഷയങ്ങള്‍ താന്‍ ഗൗനിക്കുന്നില്ലെന്നും പങ്കെടുക്കാത്തവര്ക്കെല്ലാം യുട്യൂബില്‍ പരിപാടി വീക്ഷിക്കാമെന്നും തരൂര്‍ മറുപടി നല്കി. പരിപാടിയെ കുറിച്ച് തന്റെ ഓഫീസ് കോട്ടയം ഡിസിസിയുമായി സംസാരിച്ചതാണെന്നും തരൂര്‍ വ്യക്തമാക്കി.
ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാക്കിയതിന് പിന്നാലെയാണ് കോട്ടയത്തെ പരിപാടിയെ ചൊല്ലിയുള്ള പുതിയ വിവാദം. അതേസമയം തരൂരിന്റെ തെക്കന്‍ ജില്ലകളിലെ പര്യടനത്തിന് ഇന്ന് തുടക്കമായി. പരിപാടികളില്‍ പങ്കെടുക്കുന്നത് ആദ്യമല്ലെന്നും ഇപ്പോള്‍ എന്തിനാണ് വിവാദമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ പറഞ്ഞു. പതിനാല് വര്‍ഷമായി താന്‍ വിവിധ പരിപാടികളില്‍ ക്ഷണം ലഭിച്ച് പ്രസംഗങ്ങള്‍ നടത്താറുണ്ട്. ഇപ്പോള്‍ പെട്ടെന്ന് അതില്‍ മുറുമുറുപ്പ് ഉണ്ടാകാനുള്ള കാരണം അറിയില്ലെന്നും തരൂര്‍ പ്രതികരിച്ചു.
Discussion about this post