തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധ്യത. ഭരണഘടനയെ മനപ്പൂര്‍വ്വം അവഹേളിക്കാന്‍ മുന്‍മന്ത്രി ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്കിയ സാഹചര്യത്തിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം വീണ്ടെടുക്കാന്‍ കളമൊരുങ്ങുന്നത്.
ജുലായില്‍ സിപിഎം ഏരിയ കമ്മിറ്റി മല്ലപ്പള്ളിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് സജി ചെറിയാന് ഭരണഘടനയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്. എന്നാല്‍ തൊഴിലാളികളെ കുറിച്ച് സംസാരിച്ചപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയായിരുന്നു എന്നും ഇത് മനപ്പൂര്വ്വമായിരുന്നില്ലെന്നുമാണ് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ പോലീസ് പറയുന്നത്. സജി ചെറിയാനെതിരെ ക്രിമിനല്‍ കേസ് നില നില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ. കേസില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കേസുമായി മുന്നോട്ട് പോയാല്‍ അത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനും കോടതിയുടെ വിലപ്പെട്ട സമയം പാഴാകാനും ഇടയാകുമെന്ന് അപേക്ഷയില്‍ അന്വേഷണത്തലവന് ഡിവൈഎസ്പി പിടി രാജപ്പന് കോടതിയെ അറിയിച്ചു.
കൊച്ചി സ്വദേശിയായ അഭിഭാഷകന് ബൈജു നോയലിന്റെ പരാതിയില്‍ കോടതിയാണ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് സജി ചെറിയാന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രിസ്ഥാനങ്ങള്‍ രാജി വെച്ചു എങ്കിലും പകരം മന്ത്രി നിയമിക്കാതെ സജി ചെറിയാന് കുറ്റവിമുക്തനാകും വരെ കാത്ത് നില്‍ക്കാമെന്ന നിലപാടിലായിരുന്നു സിപിഎം. ഇപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതി അനുവദിച്ചാല്‍ ക്ലീന്‍ചിറ്റ് നേടി തിരിച്ചെത്തുന്ന സജി ചെറിയാന് വീണ്ടും ഇതേ വകുപ്പുകളില്‍ മന്ത്രിയായെത്തും.
Discussion about this post