മുംബൈ : ഉദ്ധവ് പക്ഷം വിട്ട് ഔദ്യോഗിക ശിവസേനയിൽ ചേർന്ന എംപിമാർക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി ഉദ്ധവ് താക്കറെയുടെ മകനും യുവനേതാവുമായ ആദിത്യ താക്കറെ. വിമതർ ജനവിധി അട്ടിമറിച്ചതായും അവരുടെ വിശ്വസ്തതയും അന്തസ്സും വിലയ്ക്ക് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. എംപിമാരുടെ ഈ നീക്കത്തെ ‘അങ്ങേയറ്റം ലജ്ജാകരം’ എന്നാണ് ആദിത്യ താക്കറെ വിശേഷിപ്പിച്ചത്.
“അങ്ങോട്ട് ചാടിയ അത്യാഗ്രഹികളായ എംപിമാരോട് പറയാനുള്ളത് ഒന്നേയുള്ളൂ—നിങ്ങളുടെ വിശ്വസ്തതയും അന്തസ്സും ലജ്ജയില്ലാതെ വിൽപനയ്ക്ക് വെച്ചിരിക്കുകയാണെന്ന് നിങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. കേന്ദ്ര ഏജൻസികളെയും പൊതുപണത്തെയും ദുരുപയോഗം ചെയ്താണ് ഭരണപക്ഷം ഇത്തരം കുതിരക്കച്ചവടം നടത്തുന്നത്,” എന്ന് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ആദിത്യ താക്കറെ വ്യക്തമാക്കി. മഹാ വികാസ് അഘാഡി സഖ്യത്തിന്റെയും ഇൻഡ്യ മുന്നണിയുടെയും വോട്ടർമാരെയും പ്രവർത്തകരെയും ഇവർ ഒറ്റിക്കൊടുത്തതായും, കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ ജയിച്ച ശേഷം പ്രത്യയശാസ്ത്രത്തിന്റെ പേര് പറഞ്ഞ് കൂറുമാറുന്നത് വെറും കാപട്യമാണെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.








