ന്യൂയോർക്ക് : ആഗോള സാങ്കേതികവിദ്യാരംഗത്ത് ഇന്ത്യക്ക് അഭിമാന നിമിഷം. വാട്സാപ്പിന്റെ ആഗോള തലവൻ (ഗ്ലോബൽ ഹെഡ് ) എന്ന പരമോന്നത പദവിയിലേക്ക് പ്രമുഖ ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡിന്റെ സ്ഥാപകൻ കുനാൽ ഷാ നിയമിതനായി. കഴിഞ്ഞ ഏഴ് വർഷമായി വാട്സാപ്പിനെ നയിച്ചിരുന്ന വിൽ കാത്കാർട്ടിന് പകരക്കാരനായാണ് 47-കാരനായ കുനാൽ ഷാ ഈ പദവിയിലെത്തുന്നത്.
ഈ ചരിത്ര നിയമനത്തോടൊപ്പം കുനാൽ ഷായുടെ കമ്പനിയായ ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ (ഏകദേശം 8,550 കോടി രൂപ) വൻ നിക്ഷേപവും വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റാ പ്രഖ്യാപിച്ചു. ഇതോടെ ക്രെഡിന്റെ വിപണി മൂല്യം 4.5 ബില്യൺ ഡോളറായി (ഏകദേശം 43,239 കോടി രൂപ) ഉയർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഉപഭോക്താക്കളെ ആകർഷിച്ച ‘ക്രെഡ്’ കെട്ടിപ്പടുത്ത കുനാൽ ഷായുടെ സാമ്പത്തിക-ഉപഭോക്തൃ വിപണിയിലെ പരിചയസമ്പത്താണ് മെറ്റാ ലക്ഷ്യമിടുന്നത്. മെറ്റാ നടത്തുന്ന ഈ 900 മില്യൺ ഡോളർ നിക്ഷേപത്തോടെ ക്രെഡിന്റെ 20 ശതമാനം ഓഹരികൾ അവർക്ക് സ്വന്തമാകും. നിലവിലെ സിഇഒ പദവിയിൽ നിന്നും ബോർഡ് സ്ഥാനത്തുനിന്നും കുനാൽ ഷാ ഔദ്യോഗികമായി പടിയിറങ്ങും. തുടർന്ന് 2020 മുതൽ ക്രെഡിന്റെ സ്ട്രാറ്റജി ആൻഡ് ഫിനാൻസ് വിഭാഗം തലവനായ മിതൻ സമ്പത്ത് കമ്പനിയുടെ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കും.
”ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യാ കമ്പനികളിലൊന്നായി ക്രെഡിനെ വളർത്തിയെടുത്ത വ്യക്തിയാണ് കുനാൽ. ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിംഗ് ആപ്പ് നയിക്കാൻ അദ്ദേഹത്തിന് മികച്ച ആഗോള കാഴ്ചപ്പാടും ശക്തമായ നിർമ്മിതി മനോഭാവവും ഉണ്ട്,” എന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുനാൽ ഷായെ സ്വാഗതം ചെയ്തുകൊണ്ട് അറിയിച്ചു. ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളാണ് കുനാൽ ഷാ. 2009-ൽ പൈസബാക്ക് (PaisaBack), 2010-ൽ മൊബൈൽ റീചാർജ് പ്ലാറ്റ്‌ഫോമായ ഫ്രീചാർജ് (FreeCharge) എന്നിവ അദ്ദേഹം സ്ഥാപിച്ചു. 2015-ൽ ഫ്രീചാർജിനെ സ്നാപ്ഡീൽ 400 മില്യൺ ഡോളറിന് വാങ്ങിയത് അക്കാലത്തെ ഏറ്റവും വലിയ ഇടപാടായിരുന്നു. തുടർന്ന് 2018-ലാണ് ക്രെഡിന് അദ്ദേഹം തുടക്കമിടുന്നത്.








