കേരളക്കരയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നന്ദി അറിയിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. നെയ്മര്‍ ജൂനിയര്‍സൈറ്റ്ഒഫിഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും ബ്രസീല്‍ പുറത്തായതും താരത്തിന്റെ കരച്ചിലുമെല്ലാം മലയാളക്കരയില്‍ ആരാധകരെ തീര്‍ത്തും സങ്കടത്തിലാക്കിയിരുന്നു. താരത്തെ ഇനി മഞ്ഞക്കുപ്പായത്തില്‍ കാണാനാകുമോ എന്ന കാര്യത്തിലും അഭ്യൂഹം തുടരുകയാണ്. ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് സാക്ഷാല്‍ നെയ്മര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബ്രസീല്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ് പങ്ക് വെച്ചത്. തന്റെ കൂറ്റന്‍ കട്ടൗട്ട് നോക്കി നില്‍ക്കുന്ന ഒരു ആരാധകന്‍ തോളില്‍ ഒരു കുട്ടിയേയും എടുത്തു നില്‍ക്കുന്ന ചിത്രമാണ് നെയ്മര്‍ പങ്കുവെച്ചത്. താരത്തിന്റെ നന്ദി പ്രകടനത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണിപ്പോള്‍.
കേരളക്കരയുടെ ഫുട്‌ബോള്‍ പ്രേമം ലോകമെമ്പാടും ഇന്ന് വലിയ ചര്‍ച്ചാവിഷയമാണ്. ഫുട്‌ബോള്‍ താരങ്ങളോടുള്ള ആരാധനയില്‍ നെയ്മര്‍ അടക്കമുള്ള പ്രമുഖ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ കേരളത്തില്‍ ഉയര്‍ന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അര്‍ജന്റീനിയന്‍ താരമായ മെസിയുടെ കട്ടൗട്ട് നേരില്‍ കാണാന്‍ ഒരു മെസി ആരാധകന്‍ അടുത്തിടെ അര്‍ജന്റീനയില്‍ നിന്നുപോലും കേരളത്തിലെത്തുകയുണ്ടായി.








