ന്യൂഡെല്‍ഹി: വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. നിലവില്‍ വന്നിറങ്ങുന്ന എല്ലാവര്‍ക്കും പരിശോധന നടത്തുന്നില്ല. രണ്ട് ശതമാനം യാത്രികരില്‍ നിന്ന് മാത്രമാണ് സാംപിളുകള്‍ ശേഖരിക്കുക എന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
സാംപിളുകള്‍ നല്‍കിയവര്‍ ഫലത്തിനായി കാത്തുനില്‍ക്കേണ്ടതില്ല. ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം പോസിറ്റീവ് ആണെങ്കില്‍ യാത്രികരുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് പ്രോട്ടോക്കോളില്‍ പറയുന്നത്.
കോവിഡ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ചൈനയില്‍ നിന്നോ ചൈനയിലേക്കോ നേരിട്ട് വിമാനസര്‍വ്വീസുകള്‍ ഇന്ത്യയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ഇന്ത്യയില്‍ എത്തുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്നും എന്നാല്‍ യാത്രകള്‍ക്ക് തടസമുണ്ടാകരുതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മാസ്‌ക് ധരിക്കുന്നതും മറ്റ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് കര്‍ശനമാക്കിയിട്ടില്ലെന്നും മാണ്ഡവ്യ പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനായി പോസിറ്റീവ് കേസുകളുടെ ജീന്‍ സ്വീക്വന്‍സിംഗ് നടത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത് ജാഗ്രതയോടെ ഇരിക്കണമെന്നും മാസ്‌കുകളും സാനിറ്റൈസറുകളും സാമൂഹിക അകലവും സംബന്ധിച്ച ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ നടത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
നിലവില്‍ ചൈനയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായ BF.7, എന്ന് പേരുള്ള ഒമിക്രോണിന്റെ ഉപ വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. ഇന്ത്യയില്‍ ഇതിന്റെ നാലുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ജൂണിലും പിന്നീട് ജൂലായിലും ഒടുവില്‍ നവംബറിലും ഈ വകഭേദത്തിന്റെ സാന്നിധ്യമുള്ള ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിലവില്‍ പ്രതിദിനം ഇരുന്നൂറില്‍ താഴെ കോവിഡ് കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്നത്.








