കാബൂള്‍: കൃത്യമായ വസ്ത്രധാരണ നിബന്ധനകള്‍ അടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് അഫ്ഗാന്‍ സര്‍വ്വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കിയതെന്ന് താലിബാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് കോളെജ് വിദ്യാഭ്യാസം നിഷേധിച്ച് കൊണ്ടുള്ള താലിബാന്‍ നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാലിശമായ വിശദീകരണം.
കഴിഞ്ഞ ആഗസ്റ്റില്‍ അധികാരത്തില്‍ വന്നത് മുതല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ടുള്ള താലിബാന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ നിഷേധം. ലോകത്തിലെ മുസ്ലീം രാഷ്ട്രങ്ങള്‍ വരെ ഇതിനെതിരെ രംഗത്ത് വരികയും ഇത് അഇസ്ലാമികമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ എന്താണ് ധരിക്കേണ്ടതെന്നും യാത്ര ചെയ്യുമ്പോള്‍ ആണ്‍തുണ ഉണ്ടായിരിക്കണമെന്നുള്ളതും അടക്കമുള്ള ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചത് കൊണ്ടാണ് ഇത്തരമൊരു നടപടി വേണ്ടിവന്നതെന്ന് താലിബാന്‍ ഭരണകൂടത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ നേദ മുഹമ്മദ് നദീം ന്യായീകരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാസായി 14 മാസങ്ങള്‍ കഴിഞ്ഞിട്ടും ദൗര്‍ഭൗഗ്യവശാല്‍ അത് നടപ്പിലായില്ലെന്ന് ഔദ്യോഗിക ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ നദീം പറഞ്ഞു. വിവാഹത്തിന് പോകുന്നത് പോലെയാണ് അവര്‍ വസ്ത്രം ധരിക്കുന്നത്. വീട്ടില്‍ നിന്നും സര്‍വ്വകലാശാലകളിലേക്ക് വരുന്ന ആ പെണ്‍കുട്ടികള്‍ ഹിജാബി നിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ല, നദീം ആരോപിച്ചു.
ചില ശാസ്ത്ര വിഷയങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് യോജിച്ചതല്ലെന്നും നദീം അവകാശപ്പെട്ടു. എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, മറ്റ് ചില കോഴ്‌സുകള്‍ എന്നിവയൊന്നും പെണ്‍കുട്ടികളുടെയും അഫ്ഗാന്‍ സംസ്‌കാരത്തിന്റെയും അന്തസ്സിനും അഭിമാനത്തിനും യോജിച്ചതല്ല. പള്ളികള്‍ക്കുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം മതപഠനം നല്‍കുന്ന മദ്രസ്സകളും അടയ്ക്കാന്‍ താലിബാന്‍ അധികൃതര്‍ തീരുമാനിച്ചതായി നദീം അറിയിച്ചു.
Discussion about this post