അമരാവതി: ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. നെല്ലൂർ ജില്ലയിലെ കണ്ടുകുരുവിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. എട്ട് പേർ മരിച്ചതായിട്ടാണ് വിവരം. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിക്കിനും തിരക്കിനുമിടയിൽ തുറന്നിരുന്ന അഴുക്കുചാലിലേക്ക് ഇവർ പതിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരാണ് മരിച്ചവരെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിൽ ഒരു സ്ത്രീയും ഉണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അപകടത്തിന് പിന്നാലെ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.
സംഭവത്തിന് ശേഷം റോഡ് ഷോ റദ്ദാക്കിയ നായിഡു ആശുപത്രിയിലെത്തി സ്ഥിതി വിലയിരുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ ഇടപെടണമെന്നും അദ്ദേഹം പാർട്ടി നേതാക്കളോട് നിർദ്ദേശിച്ചു. പാർട്ടി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തേക്കാണ് ചന്ദ്രബാബു നായുഡു കണ്ടുകുരുവിൽ എത്തിയത്.
മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസം എൻടിആർ ട്രസ്റ്റ് ഏറ്റെടുക്കുമെന്നും നായിഡു അറിയിച്ചു. മരിച്ചവരുടെ വീടുകളിലേക്ക് പോകണമെന്നും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കണമെന്നും അദ്ദേഹം പാർട്ടി എംഎൽഎമാരോടും നേതാക്കളോടും നിർദ്ദേശിച്ചിട്ടുണ്ട്.








