ന്യൂഡെല്‍ഹി: തന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ നേതാവുമായി ഒരു ബന്ധവുമില്ലെന്ന് വ്യവസായ പ്രമുഖന് ഗൗതം അദാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധമാണ് ഗൗതം അദാനിയുടെ ബിസിനസ് വളര്‍ച്ചയ്ക്ക് കാരണമെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അദാനി ഗ്രൂപ്പിന്റെ യാത്ര ആരംഭിച്ചത് മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പായിരുന്നുവെന്നും അന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി ആയിരുന്നു പ്രധാനമന്ത്രി എന്നും ആരോപണങ്ങളുടെ മുനയൊടിച്ച് ഗൗതം അദാനി പറഞ്ഞു. ഇന്ത്യാടുഡേ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദാനി.
പ്രധാനമന്ത്രി മോദിയും താനും ഒരേ സംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പടച്ചുവിടാന്‍ വളരെ എളുപ്പമാണെന്നും അത്തരം വ്യാഖ്യാനങ്ങള്‍ തനിക്കെതിരെ ചുമത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദാനി പറഞ്ഞു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞങ്ങളുടെ ഗ്രൂപ്പിനുണ്ടായ വളര്‍ച്ചയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് കാരണം. എന്റെ പ്രഫഷണല്‍ വിജയം ഏതെങ്കിലും നേതാക്കന്മാര് കൊണ്ടുണ്ടായതല്ല, മറിച്ച് മൂന്ന് ദശാബ്ദത്തിനിടയില്‍ നിരവധി നേതാക്കന്മാരും സര്‍ക്കാരുകളും കൊണ്ടുവന്നിട്ടുള്ള നയങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഫലമാണെന്നുള്ളതാണ് വസ്തുത. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഇതെല്ലാം ആരംഭിച്ചതെന്ന് കേള്‍ക്കുമ്പോള്‍ പലരും അത്ഭുതപ്പെടും. അദാനി പറഞ്ഞു.
മൂന്ന് ദശാബ്ദത്തിനിടയില്‍ നിരവധി കോണ്‍ഗ്രസ്, ബിജെപി മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിമാരുടെയും നയ പരിഷ്കാരങ്ങള്‍ തന്റെ ബിസിനസിന് നേട്ടമായിട്ടുണ്ടെന്ന് അദാനി വ്യക്തമാക്കി. അതേസമയം 2001ല്‍ ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രി ആയപ്പോള്‍ വികസനത്തിന് മുമ്പൊന്നും ഇല്ലാത്ത രീതിയില്‍ ഊന്നല്‍ നല്‍കിയതായി അദാനി വ്യക്തമാക്കി. ഇത് വ്യവസായങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു, മുമ്പ് കാണാത്ത രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖല വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു, അദാനി പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധിരുഭായി അംബാനി തനിക്ക് ഏറെ പ്രചോദനമായിട്ടുണ്ടെന്നും അദാനി വ്യക്തമാക്കി.
Discussion about this post