ന്യൂഡെല്‍ഹി: സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലെന്നത് പകല്‍ പോലെ സത്യമായ കാര്യമാണ്, വേണ്ടരീതിയില്‍ സമയത്തെ ഉപയോഗപ്പെടുത്തിയവരാണ് എന്നും വിജയങ്ങള്‍ നേടിയിട്ടുള്ളത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയും പാഴാക്കാതെ വിജയത്തിനായി അധ്വാനിച്ച വ്യക്തിയാണ്. ഇന്‍ഫോസിസില്‍ ഉണ്ടായിരുന്ന കാലത്ത് ദിവസവും രാവിലെ 6.20നാണ് അദ്ദേഹം ജോലിക്ക് എത്തിയിരുന്നത്. ‘മണികണ്‍ട്രോളി’ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2011ല്‍ ഇന്‍ഫോസിസില്‍ നിന്ന് വിരമിക്കുന്നത് വരെയും താന്‍ ഈ പതിവ് തുടര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.
ദിവസവും കാലത്ത് ഏഴുമണിക്ക് എങ്ങനെയാണ് അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നതെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഏഴല്ല. 6.20നാണ് എത്തിയിരുന്നതെന്ന് നാരായണമൂര്‍ത്തി തിരുത്തിയത്. ദിവസവും രാവിലെ 6.20നാണ് താന്‍ ഓഫീസില്‍ എത്തിയിരുന്നതെന്നും രാത്രി 8-9 മണി വരെ ഓഫീസില്‍ തുടരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഫീസില്‍ കൃത്യസമയത്ത് എത്തേണ്ടതിന്റെയും കൃത്യനിഷ്ഠ പാലിക്കേണ്ടതിന്റെയും പ്രാധാന്യം മുമ്പും നാരായണമൂര്‍ത്തി തന്റെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്റെ ഈ ദിനചര്യ കുടുംബജീവിതത്തെ എത്തരത്തില്‍ ബാധിച്ചുവെന്നതിന്, സംരംഭകത്വമെന്നാല്‍ സാഹസികതയും ധൈര്യവും ത്യാഗവും ഒക്കെ ആണെന്നാണ് നാരായണമൂര്‍ത്തി ഉത്തരമായി പറഞ്ഞത്. ‘ഏറെകാലത്തിന് ശേഷമാണ് അതിന്റെ പ്രതിഫലം ലഭിക്കുക. നിലവില്‍ ഇല്ലാത്ത ഒന്ന് സൃഷ്ടിക്കണമെങ്കില്‍, ഒരുപാട് കഠിനാധ്വാനവും ആത്മാര്‍പ്പണവും ത്യാഗവും ആവശ്യമായി വരു’മെന്ന് അദ്ദേഹം വ്യക്തമാക്കി.
വലിയ വിജയത്തിലേക്കുള്ള യാത്രയില്‍ ചെറിയ സന്തോഷങ്ങള്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും സന്തോഷവും നല്‍കുമെന്ന് നാരായണമൂര്‍ത്തി പറഞ്ഞു. എന്നാല്‍ ഏതെങ്കിലും രീതിയില്‍ നഷ്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കേണ്ടിവന്നത് തന്റെ മക്കളായ അക്ഷതയ്ക്കും റോഹനും ആണെന്നും നാരായണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. എങ്കിലും അപൂര്‍വ്വ അവസരങ്ങളില്‍ അവരെയും കൂട്ടി പുറത്ത് പോകാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയാണ് നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത.









