ന്യൂഡൽഹി : ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്കാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ന്യൂഡഹിയിൽ നടന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രപരമായ രാഷ്ടീയ യുദ്ധത്തിന്റെ കാലം കഴിഞ്ഞു. ഇപ്പോൾ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉൾക്കാഴ്ച്ചയോടെ പ്രതിപക്ഷം ഒരുമിച്ച് നിന്നാൽ ബിജെപിയെ തോൽപ്പിക്കാം. പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയൂ. അത് പ്രതിപക്ഷത്തെ നേതാക്കൾ മനസ്സിലാക്കണം. ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഒരേയൊരു ആദർശമാണ്. ഇത് മനസ്സിലാക്കി എല്ലാവരും പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കടം ചോദിക്കുന്ന രാജ്യം എന്ന ചിന്താഗതിയിൽ നിന്ന് ഉത്പാദക രാജ്യമായി ഇന്ത്യ മാറണം. അതിന് കോൺഗ്രസ് തന്നെ ഭരണത്തിൽ വരണം. കുട്ടികൾക്ക് ചിറകുകൾ നൽകുന്ന വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന് ശരിയായ വിദേശ നയം ആവശ്യമുണ്ട്. ഇപ്പോഴുള്ള അഴകൊഴമ്പൻ നയം ഉപേക്ഷിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിയേയും ആർ.എസ്.എസിനേയും തന്റെ ഗുരുക്കന്മാരായാണ് കാണുന്നത്. അവരുടെ വഴി ഉപയോഗിക്കാൻ പാടില്ല എന്നതിലാണ് അവരെ താൻ ഗുരുവായി കാണുന്നത്. ഏറ്റവും ശക്തമായി അവർ ആക്രമിക്കുമ്പോഴാണ് താനും പാർട്ടിയും കൂടുതൽ ശക്തരാകുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.








