ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ. ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഈ മാസം ഒന്നിനായിരുന്നു സംഭവം. ഏഴ് വയസ്സുള്ള കുട്ടിയ്ക്കും, ഗൃഹനാഥനും, വയോധികനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. നെടുങ്കണ്ടത്തെ ക്യാമൽ റെസ്റ്റോ എന്ന ഹോട്ടലിൽ നിന്നുമാണ് ഇവർ ഷവർമ്മ വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്ന് കഴിച്ച് അൽപ്പനേരത്തിന് ശേഷം മൂന്ന് പേർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു.
കടുത്ത ഛർദ്ദി, വയറിളക്കം, പനി എന്നിവയെ തുടർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതോടെ അടച്ച്പൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ഹോട്ടൽ ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റ് രണ്ട് പേർ സംസ്ഥാനത്ത് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ഭക്ഷ്യവിഷബാധയേറ്റതായുള്ള കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നത്.
Discussion about this post