തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച ജില്ലകളെയും മത്സരാർത്ഥികളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. കലയോടുള്ള നമ്മുടെ നാടിന്റെ ഉത്ക്കടമായ താല്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കി. അടുത്ത കലോത്സവം കൂടുതൽ മികവുറ്റതാക്കാനുള്ള പരിശ്രമങ്ങൾ നമുക്ക് ഇപ്പോഴേ ആരംഭിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അറുപത്തിയൊന്നാമത് കേരളാ സ്‌കൂൾ കലോത്സവം കൊടിയിറങ്ങി. കലയോടുള്ള നമ്മുടെ നാടിന്റെ ഉത്ക്കടമായ താല്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കി. കേരളത്തിന്റെ സാഹോദര്യത്തിന്റേയും മൈത്രിയുടേയും വിളംബരം കൂടിയായി കലോത്സവം മാറി.
അഞ്ചു രാപ്പകലുകൾ നീണ്ട കലോത്സവത്തിനു ആതിഥ്യമരുളുക എന്ന പ്രയാസകരമായ ദൗത്യം അതിഗംഭീരമായാണ് കോഴിക്കോട് നഗരം നിറവേറ്റിയത്. കലോത്സവത്തിന്റെ നടത്തിപ്പിനു ജനങ്ങൾ മുന്നിട്ടിറങ്ങിയതോടെ നാടിന്റെ സ്വന്തം ആഘോഷമായി മാറുന്ന മനോഹരമായ അനുഭവമാണുണ്ടായത്. സംഘാടകരും കലോത്സവ നടത്തിപ്പിന്റെ ഭാഗമായ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകളും സർവോപരി കോഴിക്കോടുകാരും അഭിനന്ദനം അർഹിക്കുന്നു.
കൂടുതൽ പോയിന്റുകൾ നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ കോഴിക്കോട് ജില്ലയ്ക്കും രണ്ടാം സ്ഥാനം പങ്കിട്ട കണ്ണൂർ ജില്ലയ്ക്കും പാലക്കാട് ജില്ലയ്ക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ. കലോത്സവം പകർന്നു നൽകിയ അനുഭവങ്ങൾ കലയുടെ ലോകത്ത് കൂടുതൽ ദൂരം സഞ്ചരിക്കാനും പുതിയ അറിവുകൾ നേടാനും വലിയ സംഭാവനകൾ സമൂഹത്തിനു നൽകാനും ഓരോരുത്തർക്കും പ്രചോദനവും ആത്മവിശ്വാസവും നൽകട്ടെ. അടുത്ത കലോത്സവം കൂടുതൽ മികവുറ്റതാക്കാൻ നമുക്ക് ഇപ്പോഴേ പരിശ്രമിച്ചു തുടങ്ങാം.
Discussion about this post