മിസ്റ്റർ 360 എന്ന പേര് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സിന്റെ സ്വന്തം വിളിപ്പേരാണ്. ബാറ്റുമായി ക്രീസിലെത്തി ഫോമിലായിക്കഴിഞ്ഞാൽ ഇടങ്കയ്യനാണെങ്കിലും വലങ്കൈ സ്റ്റൈലിൽ കൂറ്റൻ സിക്സറുകൾ അടിക്കാൻ വിരുതനാണ് ഡിവില്ലിയേഴ്സ്. ഓഫ്സ്റ്റമ്പിന് രണ്ട് മൂന്ന് സ്റ്റമ്പ് പുറത്തേക്കിറങ്ങി വൈഡിനടുത്തെത്തി പന്തുകൾ തേഡ്മാനു മുകളിലൂടെ പറത്തുന്ന സിക്സറുകളും ഡിവില്ലിയേഴ്സിന്റെ പ്രത്യേകതയാണ്. മുൻപ് ശ്രീലങ്കയുടെ തിലകരത്നെ ദിൽഷനും ഇതിന്റെ ആളായിരുന്നു. അങ്ങനെയ് ദിൽ സ്കൂപ്പെന്നൊക്കെ ഈ ബാറ്റിംഗ് സ്റ്റൈലിനു പേരു വന്നിരുന്നു. ഒരിക്കൽ സിംബാബ്‌വെക്കാരൻ ഡഗ്ലസ് മരിലിയർ ഇങ്ങനെ കളിച്ച് ഇന്ത്യയെ അത്ഭുതകരമായ വിധത്തിൽ തോൽപ്പിക്കുകയും ചെയ്തിരുന്നു.
ഡിവില്ലിയേഴ്സിനു ശേഷം മിസ്റ്റർ 360 എന്നറിയപ്പെടാൻ എല്ലാം കൊണ്ടും അർഹതയുള്ളത് നമ്മുടെ സൂര്യകുമാർ യാദവിനാണ്. ആകാശത്തേക്ക് പന്തുകൾ പായിക്കുന്നവനെന്ന അർത്ഥത്തിൽ സ്കൈ എന്ന ചുരുക്കെഴുത്തിലാണ് ക്രിക്കറ്റ് പ്രേമികൾ സൂര്യയെ വിളിക്കുന്നത്. 360 ഡിഗ്രിക്കപ്പുറം സാദ്ധ്യമായ ഏതെങ്കിലും ഒരു അളവു കോലുണ്ടായിരുന്നെങ്കിൽ അങ്ങോട്ടും സിക്സർ പറത്താൻ സൂര്യകുമാറിനു കഴിഞ്ഞേനെയെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. അത്രയ്ക്കും അത്ഭുതകരമാണ് അയാളുടെ ബാറ്റിംഗ് സ്റ്റൈൽ.
ശ്രീലങ്കയുമായുള്ള മൂന്നാം ടി20 യിൽ അതിശയകരമായ ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്ത സൂര്യ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലി. വരയ്ക്കാൻ ഇനി സ്ഥലമില്ലാത്ത അവസ്ഥയിലായി സൂര്യയുടെ വാഗൺ വീൽ. പതിമൂന്നാമത്തെ ഓവറിലായിരുന്നു കമന്ററിക്കാർ വീഴും സിക്സർ എന്ന് വിളിച്ച ഷോട്ട് പിറന്നത്. ഇടങ്കയ്യൻ ബൗളർ ദിൽഷൻ മധുശങ്കയായിരുന്നു ബൗളർ. സ്കൂപ്പിനായി സൂര്യ ശ്രമിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് മധു ശങ്ക സൂര്യക്ക് പിന്നാലെ ചെല്ലുന്ന വിധത്തിൽ പന്തിന്റെ ലൈൻ മാറ്റി. സ്കൂപ് ചെയ്യാൻ തയ്യാറായി നിന്ന സൂര്യയുടെ നേർക്ക് തന്നെ മധുശങ്ക പന്തെറിഞ്ഞു. സ്കൂപ്പിന് ഒട്ടും പാകമാകാത്ത വിധത്തിലുള്ള പന്തായിരുന്നിട്ടും സ്വന്തം ബാലൻസ് ബലി നൽകി സൂര്യ തേഡ്മാനിലേക്ക് സിക്സർ പറത്തി. അതിനൊപ്പം തന്നെ പിന്നിലേക്ക് വീഴുകയും ചെയ്തു. ഫോളിംഗ് സിക്സർ എന്നായിരുന്നു കമന്റേറ്റർമാർ പറഞ്ഞത്. പടുകൂറ്റൻ സിക്സർ, തകർപ്പൻ സിക്സർ തുടങ്ങിയതിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങൾ കേട്ട് പരിചയിച്ചവർക്കും പറഞ്ഞവർക്കും അങ്ങനെ പുതിയൊരു പ്രയോഗം കൂടി കിട്ടി- കൊടുത്തത് സൂര്യകുമാർ യാദവ് – ഫോളിംഗ് സിക്സർ !
വീഡിയോ – https://twitter.com/i/status/1611747580723204097
Discussion about this post