ന്യൂഡൽഹി: ലോകത്തിലെ പല രാജ്യങ്ങളും കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ, ഇന്ത്യ സാമ്പത്തികമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഗൗതം അദാനി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാളയുടെ കുതിപ്പിന് സമാനമാണ്, 2050 അത് 30 ട്രില്ല്യൺ ഡോളറായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ” ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗമാണ് കുതിച്ചു കൊണ്ടിരിക്കുന്നത്. 2050ഓടെ ഇത് 30 ട്രില്ല്യൺ ഡോളറായി വളരും. ഇത് യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച് 58 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു ട്രില്ല്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിച്ചത്. 2 ട്രില്ല്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കാൻ മറ്റൊരു 12 വർഷം കൂടിയെടുത്തു. അഞ്ച് വർഷം മാത്രമെടുത്താണ് 3 ട്രില്ല്യൺ ഡോളറിലേക്കെത്തിയത്. 2050ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 30 ട്രില്ല്യൺ ഡോളറിലെത്തും. അങ്ങനെ രെു കുതിപ്പാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്”.
സമ്പദ്‌വ്യവസ്ഥ മികച്ചതാകുമ്പോൾ സ്വാഭാവികമായി ധാരാളം ഗുണങ്ങളുണ്ടാകും. ആളോഹരി വരുമാനം വർദ്ധിക്കും, തൊഴിലവസരങ്ങൾ വർദ്ധിക്കും. വരും വർഷങ്ങളിൽ ഇന്ത്യയെ തടയാൻ ആർക്കുമാകില്ലെന്നും ഗൗതം അദാനി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനാണ് ഗൗതം അദാനി. ലൂയിസ് വിറ്റന്റെ ബെർണാഡ് അർനോൾട്ട് ടെസ്ല മേധാവി എലോൺ മസ്‌ക് എന്നിവരാണ് ഗൗതം അദാനിക്ക് മുന്നിലുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ ഗ്രൂപ്പ് എന്നിവയ്ക്ക് ശേഷമുണ്ടായ രാജ്യത്തെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. ഊർജം, തുറമുഖം, ലോജിസ്റ്റിക്സ്, ഖനനം, ഗ്യാസ്, പ്രതിരോധം, എയ്റോസ്പേസ്, വിമാനത്താവളങ്ങൾ തുടങ്ങീ ഏഴോളം മേഖലകളിലാണ് അദാനി ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിച്ച് കിടക്കുന്നത്.
വൈകാതെ തന്നെ ടെലികോം മേഖലയിലേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഗൗതം അദാനി. അതേസമയം ” ഗൗതം അദാനി എന്നത് ഊതിപ്പെരുപ്പിച്ച ബലൂൺ മാത്രമാണെന്ന വിമർശകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ” അത് വിമർശകരുടെ ആഗ്രഹം മാത്രമാണ്. അദാനി ഗ്രൂപ്പ് ഒരു ബലൂൺ ആണെന്നും അത് പൊട്ടിത്തെറിക്കുമെന്നും അവർ വിശ്വസിക്കുന്നുണ്ടാകാം. എന്നാൽ അദാനി ഗ്രൂപ്പിന്റെ ആസ്തി എന്നത് നമ്മൾ കടമെടുത്തതിന്റെ മൂന്നോ നാലോ ഇരട്ടിയാണ്. ആരുടേയും പണം സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. ഇന്ത്യ മുന്നോട്ട് കുതിക്കുന്നിടത്തോളം കാലം ഈ ബലൂൺ ഇതുപോലെ തന്നെ ഉണ്ടാകുമെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post