കൊച്ചി: സ്കൂൾ കലോത്സപാചകത്തിലെ വിവാദവുമായി ബന്ധപ്പെട്ട് പഴയിടത്തെ പിന്തുണച്ച് ഷെഫ് പിള്ള. നേരിട്ട് പഴയിടത്തിൻറെ പേരോ വിവാദ വിഷയത്തെയോ പരാമർശിക്കാതെയാണ് ഷെഫ് പിള്ള ഫേസ്ബുക്കിൽ പ്രതികരിച്ചത്.
പഴയിടം കരാർ ഏറ്റെടുക്കും മുൻപ് സംഭാരവും പച്ച വെള്ളവും തിരിച്ചറിയാൻ കഴിയില്ലായിരുന്നു എന്ന് കാർട്ടൂണുകൾ കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറേക്കാലമായി (പഴയിടം നമ്പൂതിരി യുവജനോത്സവത്തിന് പാചകം തുടങ്ങിയതിന് ശേഷം) അങ്ങനെയൊന്നും കേൾക്കാൻ ഇടവന്നിട്ടില്ല എന്നുമാണ് ഷെഫ് പിള്ള കുറിച്ചത്. പഴയിടം നമ്പൂതിരിക്ക് പിന്തുണയുമായി എത്തിയ ഷെഫ് പിള്ള പഴയിടം പടിയിറങ്ങിയതിലെ വിഷാദത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
ഷെഫ് പിള്ളയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത് . പ്രബുദ്ധകേരളത്തിൻറെ അടുത്ത പണി ചേട്ടാനായിരിക്കുമെന്നും ജാഗ്രതവേണമെന്നുമാണ് ചിലരുടെ പ്രതികരണം. പേരിൽ വാലുള്ളത് കൊണ്ട് ചേട്ടൻ കരുതിയിരിക്കണമെന്നാണ് ചിലർ നൽകുന്ന മുന്നറിയിപ്പ്.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം;
എന്റെ സ്‌കൂൾ സമയത്തെ ഒരു കലോത്സവകാലത്തെ ബോബനും മോളിയിലും വന്ന ഒരു കാർട്ടൂൺ ഓർമ്മ വരുന്നു…ഊണ് മേശയിലിരിക്കുന്ന ബോബൻ ചോദിക്കുന്നു “ ഇതിലേതാ വെള്ളം..? വിളമ്പിയ ചേട്ടൻ പറയുന്നു “ കറിവേപ്പില പൊങ്ങികിടക്കുന്നത് മോരാ, മറ്റേതാ വെള്ളം!
ഇക്കഴിഞ്ഞ കുറേകാലമായി അങ്ങനെയൊന്നും കേൾക്കാൻ ഇടയായിട്ടില്ല!!












