കോഴിക്കോട് : അഞ്ച് ദിവസം നീണ്ടു നിന്ന് കലോത്സനത്തിന് കഴിഞ്ഞ ദിവസമാണ് തിരശ്ശീല വീണത്. എല്ലാ ജില്ലകളിലെ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്ത് കലോത്സവം കെങ്കേമമാക്കിയിരുന്നു. ഇത് സമാപിച്ചതോടെ 24 വേദികളിലായി ഒരുക്കിയ പന്തലുകളും സ്റ്റേജുകളും ഇപ്പോൾ പൂർണമായും അഴിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്.
ഇതോടൊപ്പം കലോത്സവത്തിനായി എത്തിച്ച പല സാധനങ്ങളും ഉപകരണങ്ങളും നഷ്ടപ്പെട്ടതായും കേടുവന്നതായും പരാതികളും ഉയരുന്നുണ്ട്. കാണികൾക്കായി 11,000 കസേരകളാണ് എത്തിച്ചിരുന്നത്. ഇതിൽ പലതിലും കേടുപാട് സംഭവിച്ചു.
കസേരകൾ പലതും പൊട്ടിയ നിലയിലാണ്. ഇതിലെ കുഷനുകൾ മോഷണം പോയിട്ടുണ്ട്. മേശ, വലിയ പൈപ്പ് എന്നിവയ്ക്കും തകരാറ് സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കലോത്സവത്തിന് കരാർ ഏറ്റെടുത്ത എറണാകുളത്തെ എസ്എകെ സൗണ്ട്സിന്റെ ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. സൗണ്ട് ബോക്സായ ആർഡി നെറ്റും ലാപ്ടോപ്പുമാണ് നഷ്ടമായത്. ഇന്നലെ രാത്രി സാധനങ്ങൾ പായ്ക്ക് ചെയ്ത് വച്ച ബാഗ് കാണാതാവുകയായിരുന്നു. ഇത് കൂടാതെ നിരവധി സ്റ്റാളുകളിൽ നിന്ന് എൽഇഡി ബൾബുകളും കാണാതായിട്ടുണ്ട്.
Discussion about this post