കോട്ടയം: കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി കാന്റീൻ അടപ്പിച്ചു. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
അസ്വസ്ഥതകൾ ഉണ്ടായതിന് പിന്നാലെ വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വീടുകളിലേക്ക് പറഞ്ഞു വിട്ടു. ബിഎസ്‌സി ജനറൽ നഴ്‌സിംഗ് വിദ്യാർത്ഥികളാണ് എല്ലാവരും. ആശുപത്രിയിൽ രണ്ട് കാന്റീനുകളാണ് ഉള്ളത്. ഇതിൽ ഒരു കാന്റീനിൽ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം നൽകുന്നത്. ഇവിടെ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഏറ്റുവെന്നാണ് സംശയം.
ഭക്ഷ്യസുരക്ഷാ വകുപ്പ് കാന്റീനിലെത്തി പരിശോധന നടത്തിയതിന് ശേഷം ക്യാന്റീൻ അടപ്പിച്ചു. ഇവിടെ നിന്ന് ഭക്ഷണത്തിന്റെ സാമ്പിളുകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ലെങ്കിലും കൂട്ടത്തോടെ ഭക്ഷ്യവിഷബാധ ഉണ്ടായതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.












