ന്യൂഡൽഹി: പൊന്നോമനയെ വരവേൽക്കാനൊരുങ്ങി ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിതും. സോഷ്യൽമീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത ഇരുവരും പുറത്തുവിട്ടത്. മൂന്ന് വർഷം മുൻപായിരുന്നു അമേരിക്കയിൽ വച്ച് ഹിന്ദുമതാചാര പ്രകാരം ഇവർ വിവാഹിതരായത്.
സ്വവർഗ ദമ്പതിമാരായതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ പ്രയാസപ്പെട്ടുവെന്നും വാടകഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും ഇരുവരും അറിയിച്ചു. മേയിലാണ് കുഞ്ഞെത്തുക.
2016 ലാണ് ആദിത്യയും അമിതും സൗഹൃദത്തിലാവുന്നത്. പിന്നീടത് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ വിവാഹഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തെലുങ്ക് കുടുംബത്തിൽ നിന്നാണ് ആദിത്യയുടെ വരവ്, അമിത് ഗുജറാത്ത് സ്വദേശിയാണ്.
അതേസമയം കുഞ്ഞുണ്ടാകുന്ന വിവരം പുറത്തുവിട്ടതോടെ ദമ്പതികൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യവർഷം ചൊരിയുകയാണ് ചിലർ. പലരും രൂക്ഷമായ ഭാഷയിലാണ് ഇരുവരെയും വിമർശിക്കുന്നത്.











