ന്യൂഡൽഹി : വിസയ്ക്കായി എംബസിയിൽ എത്തിയ തന്നെ ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി പഞ്ചാബിൽ നിന്നുള്ള യുവതി. വിസ അനുവദിക്കുന്നതിന് പകരം എംബസിയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ലൈംഗികമായി ചൂഷണം ചെയ്തതായി സീനിയർ കോളേജ് പ്രൊഫസറായ യുവതിയാണ് പരാതി നൽകിയത്. താൻ ആദ്യം 2021 മാർച്ചിലും പിന്നീട് 2022 ജൂണിലും എംബസി സന്ദർശിച്ചതായി യുവതി പറയുന്നു.
സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ലാഹോർ സന്ദർശിക്കണമെന്ന് എംബസി ഉദ്യോഗസ്ഥനോട് യുവതി പറഞ്ഞു. സ്മാരകങ്ങളുടെ ഫോട്ടോ എടുക്കാനും അവയെ പറ്റി എഴുതാനും ഒപ്പം ഒരു പ്രഭാഷണം നടത്താൻ തന്നെ ക്ഷണിച്ച ഒരു സർവ്വകലാശാല സന്ദർശിക്കണമെന്നും യുവതി അറിയിച്ചു. പാകിസ്താൻ രാഷ്ട്രീയ പ്രക്ഷുബ്ധതയിലൂടെ കടന്നുപോകുന്നതിനാൽ തനിക്ക് വിസ അനുവദിക്കാനാവില്ലെന്ന് എംബസി ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞു.
എംബസിയിൽ നിന്ന് പോകാനൊരുങ്ങുമ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ എത്തി മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. “എന്തുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാത്തതെന്ന് അയാൾ എന്നോട് ചോദിച്ചു. വിവാഹം കഴിക്കാതെ എങ്ങനെ ജീവിക്കും, എന്റെ ലൈംഗികാഭിലാഷങ്ങൾക്ക് ഞാൻ എന്ത് ചെയ്യും,” എന്നൊക്കെയാണ് ഉദ്യോഗസ്ഥൻ ചോദിച്ചതെന്നും യുവതി പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥൻ തന്റെ കൈപിടിക്കാൻ ശ്രമിച്ചു. വിഷയം മാറ്റാൻ ഒരുപാട് ശ്രമിച്ചിട്ടും എംബസി ഉദ്യോഗസ്ഥൻ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.
സംഭവത്തിൽ യുവതി ഇപ്പോൾ കേന്ദ്രമന്ത്രി എസ് ജയശങ്കറിന് പരാതി നൽകിയിട്ടുണ്ട്. പാകിസ്ഥാൻ പോർട്ടലിൽ താൻ പരാതി നൽകിയതായും പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് കത്തെഴുതിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും പരാതിയിൽ യുവതി പറയുന്നു. ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ പണത്തിന് പകരം ഇന്ത്യൻ സർക്കാരിനെതിരെ എഴുതാൻ തന്നോട് ആവശ്യപ്പെട്ടെന്നും അത് നിരസിച്ചതായും യുവതി പറയുന്നു .








