കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തമായി അസ്തിത്വം നഷ്ടപ്പെട്ട കോൺഗ്രസ് ഒരു പരാദ സസ്യത്തെപ്പോലെ പ്രാദേശിക പാർട്ടികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. വനിതാ സംവരണ ബില്ലിനെ എതിർക്കാൻ പ്രാദേശിക പാർട്ടികളെ പ്രേരിപ്പിച്ചത് കോൺഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന തെറ്റുകൾ തിരുത്താനും പാപഭാരം കഴുകിക്കളയാനും കോൺഗ്രസിന് ലഭിച്ച ചരിത്രപരമായ അവസരമായിരുന്നു വനിതാ സംവരണ ബില്ലെന്നും എന്നാൽ അത് പിന്തുണയ്ക്കാതെ കോൺഗ്രസ് സ്ത്രീശക്തിയെ വഞ്ചിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും കോൺഗ്രസ് നാമാവശേഷമായിക്കഴിഞ്ഞു. പ്രാദേശിക പാർട്ടികളുടെ ചുമലിലേറി രാഷ്ട്രീയ ലാഭം കൊയ്യാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ഈ പാർട്ടികൾ ശക്തരാകുന്നത് കോൺഗ്രസ് ഒട്ടും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഭരണഘടനാ ഭേദഗതിയെ എതിർക്കാൻ പ്രാദേശിക പാർട്ടികളെ പ്രേരിപ്പിച്ച് അവരുടെ രാഷ്ട്രീയ ഭാവി അപകടത്തിലാക്കാൻ കോൺഗ്രസ് ചതിപ്രയോഗം നടത്തുന്നതെന്നും മോദി തുറന്നടിച്ചു.
ഭാരതത്തിന്റെ വികസന കുതിപ്പിൽ നിർണ്ണായകമാകേണ്ട വനിതാ സംവരണത്തെ തുരങ്കം വെച്ചതിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതിന് പകരം അധികാരം നിലനിർത്താൻ ഏത് തരം ഗൂഢാലോചനയ്ക്കും കോൺഗ്രസ് തയ്യാറാകുമെന്ന് ഇതോടെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. പ്രാദേശിക പാർട്ടികൾ കോൺഗ്രസിന്റെ ഈ കെണി തിരിച്ചറിയണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്തെ സ്ത്രീസമൂഹം ഈ ചതിക്ക് വരും തിരഞ്ഞെടുപ്പുകളിൽ ബാലറ്റിലൂടെ മറുപടി നൽകുമെന്നും ഭാരതത്തിന്റെ പെൺകരുത്തിനെ തളർത്താനുള്ള ഒരു നീക്കവും വിജയിക്കില്ലെന്നും മോദി പ്രഖ്യാപിച്ചു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തുടനീളം ബിജെപി പ്രവർത്തകരും വനിതാ സംഘടനകളും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.






