വാഷിംഗ്ടൺ: ശക്തമായ ശീതക്കൊടുങ്കാറ്റിൽ പെട്ട് അമേരിക്കയിൽ 7 പേർ മരിച്ചു. മദ്ധ്യ അലബാമയിൽ ആറ് പേരും ജോർജിയയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ശീതക്കൊടുങ്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം മിക്കയിടങ്ങളിലും വൈദ്യുതിബന്ധം പൂർണമായും തകരാറിലായി.
കൊടുങ്കാറ്റിൽ അൻപതോളം കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ദുരന്തത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് പ്രാദേശിക ഭരണകൂടം അറിയിക്കുന്നു.
നാശനഷ്ടങ്ങൾ സംഭവിച്ച നഗര പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അലബാമയിലും ജോർജിയയിലുമായി, കഴിഞ്ഞ 24 മണിക്കൂറിലധികമായി ജനങ്ങൾ വൈദ്യുതിയും ടെലിഫോൺ സംവിധാനവും വെളിച്ചവുമില്ലാതെ കഷ്ടപ്പെടുകയാണ്. ഒന്നര ലക്ഷത്തോളം പേരെ പ്രകൃതിക്ഷോഭം ബാധിച്ചതായാണ് കണക്ക്.












