ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ മലേഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഡച്ച് പടയുടെ വിജയം.
മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ വാൻ ഡാമാണ് നെതർലൻഡ്സിന്റെ ആദ്യ ഗോൾ നേടിയത്. അൽപ്പസമയത്തിനകം ജോനാസ് പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ നെതർലൻഡ്സ് ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ 2-0ന് മുന്നിലായിരുന്നു നെതർലൻഡ്സ്.
മൂന്നാം പകുതിയിൽ ഡച്ച് ക്യാപ്ടൻ ബ്രിങ്ക്മാൻ പരിക്കേറ്റ് മടങ്ങി. എങ്കിലും ആക്രമിച്ചു കളിച്ച യൂറോപ്യൻ സംഘം അവസാന പാദത്തിന്റെ ആദ്യം തന്നെ മൂന്നാം ഗോൾ കണ്ടെത്തി. ട്യൂൺ ബീൻസായിരുന്നു സ്കോറർ. മത്സരത്തിന്റെ അവസാന നിമിഷം ജോറിത് ക്രൂൺ കൂടി സ്കോർ ചെയ്തതോടെ മലേഷ്യയുടെ പതനം പൂർത്തിയായി.








