ടാറ്റ ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം തന്റെ പഴയകാല ഓർമ്മ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സഹോദരൻ ജിമ്മി ടാറ്റയോടൊപ്പം 1945 കളിൽ നിന്നുള്ള ചിത്രമായിരുന്നു അത്. “അതെല്ലാം സന്തോഷകരമായ ദിവസങ്ങളായിരുന്നു. ഞങ്ങൾക്കിടയിൽ ഒന്നും വന്നിരുന്നില്ല. (1945 ൽ എന്റെ സഹോദരൻ ജിമ്മിക്കൊപ്പം)”, എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചത്.
രത്തൻ ടാറ്റ പോസ്റ്റ് ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്താതെ ലോ പ്രൊഫൈലിൽ ജീവിക്കുന്ന ജിമ്മി ടാറ്റയെക്കുറിച്ചുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.
ടാറ്റ സൺസിന്റെയും ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് കമ്പനികളുടെയും ഒരു പ്രധാന നിക്ഷേപകനാണ് 82 കാരനായ ജിമ്മി ടാറ്റ. കൊളാബോയിലുള്ള ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിലാണ് അദ്ദേഹം താമസിക്കുന്നത് എന്നാണ് വിവരം. മൊബൈൽ ഫോണോ ഇന്റർനെറ്റ് കണക്ഷണോ അദ്ദേഹത്തിനില്ല. ഇത് മാദ്ധ്യമങ്ങൾക്ക് മുന്നിൽപ്പെടാതെ ഒതുങ്ങി ജീവിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്നാണ് വിവരം.
ജിമ്മി ടാറ്റയെക്കുറിച്ച് ആർക്കും അധികമൊന്നും അറിവില്ല. 2020 ൽ ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക, ജിമ്മി ടാറ്റയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. കൊളാബോയിലാണ് അദ്ദേഹം താമസിക്കുന്നത് എന്നും ബിസിനസിൽ അദ്ദേഹത്തിന് താത്പര്യം ഇല്ലെന്നുമാണ് ഹർഷ് ഗോയങ്ക പറഞ്ഞത്. സ്ക്വാഷ് കളിക്കാൻ മിടുക്കനായിരുന്നു ജിമ്മി. കളിയിൽ എപ്പോഴും തന്നെ പരാജയപ്പെടുത്തും. ടാറ്റ ഗ്രൂപ്പിനെ പോലെ ഒരു ലോ പ്രൊഫൈൽ കാത്ത് സൂക്ഷിക്കാനാണ് ജിമ്മിക്ക് ആഗ്രഹമെന്നും ഹർഷ് പറഞ്ഞിരുന്നു.
ബിസിനസിൽ താത്പര്യം ഇല്ലെങ്കിലും, ടാറ്റ സൺസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ എന്നിവയിൽ ജിമ്മി ടാറ്റയ്ക്ക് നിക്ഷേപമുണ്ട്.
രത്തൻ ടാറ്റയുടെ കൈയ്യൊപ്പുമായി ജിമ്മി ടാറ്റയുടെ ഒപ്പിന് വളരെയധികം സാമ്യമുണ്ട്. അതുകൊണ്ട് തന്നെ രണ്ടും തമ്മിൽ വേർതിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ആവശ്യത്തിന് മാത്രം അപ്പാർമെന്റിന് പുറത്തിറങ്ങാറുള്ള ജിമ്മി ടാറ്റ കുടുംബക്കാരെയും സുഹൃത്തുക്കളെയും വിട്ടാണ് താമസിക്കുന്നത്.
Discussion about this post