തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ കണ്ടിരുന്നതായി പത്തനംതിട്ടയിലെ ക്വാറി ഉടമ ശ്രീധരന് നായര്‍.നേരത്തെ നല്കിയ മൊഴിയിലുറച്ചു നില്‍ക്കുന്നതായും ശ്രീധരന് നായര്‍ പറഞ്ഞു. കേസില്‍ മൊഴി നല്കുമ്പോള് മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ജോപ്പനില്‍ നിര്‍ത്തിയത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വെച്ചാണ് ഇങ്ങനെ നിര്‍ദേശിച്ചത്.കൂടാതെ കേസ് അവസാനിപ്പിക്കുന്നതിനായി ചില രാഷ്ട്രീയ നേതാക്കളും സമീപിച്ചിരുന്നു. അവരുടെ പേര് പറയാന്‍ ഇപ്പോള്‍ തയ്യാറല്ല.മുഖ്യമന്ത്രിയ്ക്കെതിരെ പറഞ്ഞതിന്റെ ദൂഷ്യഫലം താനിപ്പോള്‍ അനുഭവിക്കുകയാണെന്നും ശ്രീധരന് നായര്‍ കൂട്ടിച്ചേര്‍ത്തു.
2012 ജൂലൈ 9നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച. ലക്ഷ്മി നായര്‍ എന്ന സരിതാ നായര്‍ക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. സോളാര്‍ പദ്ധതിക്ക് മുഖ്യമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. തന്നെപ്പോലുള്ളവരുടെ പങ്കാളിത്തം ഈ പദ്ധതിയില്‍ ആവശ്യമാണെന്നും മുമ്പോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നതായി ശ്രീധരന് നായര്‍ പറഞ്ഞു
മുഖ്യമന്ത്രിയെ കാണാന്‍ നോര്‍ത്ത് ഗേറ്റിന് പുറത്ത് സരിതയ്ക്കും ജോപ്പനുമൊപ്പമെത്തിയപ്പോള് ബഹുമാനത്തോടെ സെക്യൂരിറ്റിക്കാര്‍ ഗേറ്റ് തുറന്നുതന്നുവെന്നും മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുറിയില്‍ കയറിയപ്പോള്‍ ശിവദാസന്‍ നായര്‍ എംഎല്‍എ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയും സരിതയും പരസ്പരം നേരത്തെ അറിയാവുന്നവരെപ്പോലെയാണ് പെരുമാറിയിരുന്നത്. പദ്ധതിക്ക് താന്‍ നാല്‍പ്പത് ലക്ഷം രൂപ കൈമാറും മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉറപ്പ് വേണമെന്ന സരിതയോട് ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് തന്നെ മുഖ്യമന്ത്രിയുടെ അടുത്ത് കൊണ്ടുപോയതെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചതെന്നും ശ്രീധരന് നായര്‍ പറഞ്ഞു.
Discussion about this post