കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുണ്ടായ അപകടത്തിന്റേതെന്ന പേരിൽ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിമാനത്തിലെ യാത്രക്കാരനായിരുന്ന സോനു ജയ്‌സ്വാൾ ഫെയ്‌സ്ബുക്ക് പേജിലും ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വിമാനം തകർന്നു വീഴുന്ന സമയത്തെ ദൃശ്യങ്ങളാണെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിലിരിക്കുന്ന യാത്രക്കാരെ വീഡിയോയിൽ കാണാം. ലാൻഡിംഗിന് തൊട്ടുമുൻപായി വിമാനം വട്ടമിടുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്.
പിന്നാലെ സ്‌ഫോടനം ഉണ്ടാവുകയും ചുറ്റും തീ നാളങ്ങൾ പടരുന്നതും ഇതിൽ കാണാം. യാത്രക്കാർ ഭയന്ന് കരയുന്നതും ഇതിൽ കേൾക്കാനാകും. സോനു ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സോനു ജയ്‌സ്വാൾ, അഭിഷേക് ഖുഷ്വാഹ, വിശാൽ ശർമ്മ, അനിൽകുമാർ രാജ്ബർ, സഞ്ജയ് ജയ്‌സ്വാൾ എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കാഠ്മണ്ഡുവിലെത്തിയ ഇവർ പാരാഗ്ലൈഡിംഗിന് വേണ്ടിയാണ് പൊഖ്രയിലേക്ക് പോയത്.
https://twitter.com/Pravintime/status/1614716564590452737
72 പേരാണ് തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 68 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മേഖലയിൽ ഇന്നും രക്ഷാപ്രവർത്തനം തുടരും. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്താനുള്ള തിരച്ചിലും തുടരുകയാണ്. വിമാനം പൊഖ്‌റയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് തകർന്നു വീണത്. നേപ്പാളിലേത് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ ഭൂപ്രകൃതിയാണ് പൈലറ്റുമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാവുന്ന കാലാവസ്ഥയുടെ സവിശേഷതയും മികച്ച റഡാർ സാങ്കേതിക വിദ്യയുടെ അഭാവവും എല്ലാം രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്.








