അയോദ്ധ്യ: അയോദ്ധ്യയിലെത്തുന്ന ഭക്തരെ സ്വീകരിക്കാനായി രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരിലുള്ള കൂറ്റൻ പ്രവേശന കവാടങ്ങൾ തയ്യാറാകുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ അയോദ്ധ്യയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലഖ്നൗ, ഗോരഖ്പൂർ, റായ്ബറേലി, ഗോണ്ട, പ്രയാഗ്രാജ്, വാരണാസി തുടങ്ങീ ഓരോ സ്ഥലങ്ങളിൽ നിന്നും എത്തുന്നവരെ ഓരോ രാമായണ കഥാപാത്രങ്ങളുടെ പേരിലുള്ള ഗേറ്റുകളായിരിക്കും നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇവയുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ലഖ്നൗ റോഡ് വഴി എത്തുന്നവരെ ശ്രീരാം ദ്വാർ, ഗൊരഖ്പൂർ വഴി എത്തുന്നവരെ ഹനുമാൻ ദ്വാർ, അലഹബാദ് വഴി എത്തുന്നവരെ ഭരത് ദ്വാർ, ഗോണ്ട വഴി എത്തുന്നവരെ ലക്ഷ്മൺ ദ്വാർ, വാരാണസി വഴി എത്തുന്നവരെ ജടായു ദ്വാർ, റായ്ബറേലി വഴി എത്തുന്നവരെ ഗരുഡ് ദ്വാർ എന്നിങ്ങനെ വ്യത്യസ്ത പേരിലുള്ള ഗേറ്റുകൾ സ്വാഗതം ചെയ്യും.
അത്യാധുനിക സൗകര്യങ്ങളായിരിക്കും ഓരോ പ്രവേശന കവാടങ്ങളിലും ക്രമീകരിക്കുന്നത്. വലിയ പാർക്കിംഗ് ഏരിയകൾ, ടോയ്ലറ്റുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങീ ഏറ്റവും മികച്ച സൗകര്യങ്ങൾ ഇതിനുള്ളിൽ ഉണ്ടായിരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു. അടുത്ത വർഷം മകരസംക്രാന്തി ദിനത്തിലാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നത്. നിലവിൽ ക്ഷേത്രത്തിന്റെ 40 മുതൽ 50 ശതമാനം വരെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
2024 ജനുവരി ഒന്നിനും 14നും ഇടയിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടത്തും. 8.5 അടി ഉയരമുള്ള വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. ക്ഷേത്ര ശ്രീകോവിലിന് പുറത്തുള്ള നിർമ്മാണങ്ങളും വേഗത്തിലാണ് പുരോഗമിക്കുന്നത്. മാർബിളാണ് ഗർഭഗൃഹത്തിനുള്ളിൽ ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ ഭഗവാൻ രാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹത്തെയാണ് ആരാധിക്കുന്നതെന്നും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.
Discussion about this post