ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച മെഗോ റോഡ് ഷോയ്ക്ക് തടിച്ചുകൂടി ജനങ്ങൾ. ഡൽഹിയിലെ റോഡ് ഷോ ഇന്ന്. പട്ടേൽ ചൗക്കിൽ നിന്ന് സൻസദ് മാർഗ് ജയ് സിംഗ് റോഡ് ജംഗ്ഷൻ വരെയാണ് റോഡ് ഷോ. റോഡുകളുടെ ഇരുവശവും തടിച്ചുകൂടിയ ജനങ്ങൾ പ്രധാനമന്ത്രിയെ കരഘോഷത്തോടെ സ്വീകരിച്ചു. രണ്ടു ദിവസത്തെ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് മുന്നോടിയായി നടന്ന റോഡ് ഷോയുടെ ജനപങ്കാളിത്തം ശ്രദ്ധേയമായി.
പ്രധാനമന്ത്രിക്ക് പുറമെ പാർട്ടി പ്രസിഡന്റ് ജെ.പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ,ധനമന്ത്രി നിർമ്മലാ സീതാരാമൻ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, എന്നിവരും റോഡ് ഷോയുടെ ഭാഗമായി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയെ അനുമോദിക്കുന്നതിനാണ് റോഡ്‌ഷോ നടത്തിയത്.
ഈവർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകൾ, അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ പ്രധാന അജൻഡ. 35 കേന്ദ്രമന്ത്രിമാർ, 12 മുഖ്യമന്ത്രിമാർ, അഞ്ച് ഉപമുഖ്യമന്ത്രിമാർ, 37 പ്രദേശ് അദ്ധ്യക്ഷൻമാർ തുടങ്ങി 350 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.








