പാകിസ്താൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുകെയിലെ ബിർമിങ്ഹാമിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ‘കാശ്മീർ പാകിസ്ഥാനുടേതാണ്’ എന്ന വിവാദ പ്രസ്താവനയുമായി ബിർമിങ്ഹാം ലോർഡ് മേയർ സാക്കിർ ചൗധരി. പാകിസ്ഥാൻ ആർമിയെയും കാശ്മീരിനെയും പ്രകീർത്തിച്ചു കൊണ്ട് സാക്കിർ ചൗധരി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
“നമ്മുടെ പൂർവ്വികർ പോരാടിയത് രാജ്യത്തിന് വേണ്ടിയാണ്. കാശ്മീർ നമ്മുടേതാണ്, പാകിസ്ഥാൻ നമ്മുടേതാണ്, അതിലെ സേനയും നമ്മുടേതാണ്” എന്ന് പ്രസംഗത്തിൽ സാക്കിർ വ്യക്തമാക്കുന്നുണ്ട്. വിഷയം ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കാൻ പാകിസ്ഥാൻ സർക്കാരും കാശ്മീരിലെ ജനങ്ങളും മുന്നോട്ട് വരണമെന്നും ഇയാൾ ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 15-ന് ബിർമിങ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് സാക്കിർ ചൗധരി ഈ വിദ്വേഷ പരാമർശം നടത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം,.
2026 മെയ് മാസത്തിലാണ് ലിബറൽ ഡെമോക്രാറ്റ് കൗൺസിലറായ സാക്കിർ ചൗധരി ബിർമിങ്ഹാമിന്റെ 116-ാമത് ലോർഡ് മേയറായി ചുമതലയേറ്റത് പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (PoK) ജനിച്ച്, 14-ാം വയസ്സിൽ ബ്രിട്ടനിലേക്ക് കുടിയേറിയ ആളാണ് ഇയാൾ. യുകെയിലെ ഒരു പ്രധാന നഗരത്തിന്റെ ഭരണഘടന പദവിയിലിരുന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ചതിൽ പ്രവാസി ഭാരതീയർക്കിടയിലും നയതന്ത്ര കേന്ദ്രങ്ങളിലും ശക്തമായ അമർഷം പുകയുന്നുണ്ട് .












