ന്യൂഡൽഹി: സ്‌കൂൾ യൂണിഫോമിലും ലിംഗസമത്വം വേണമെന്ന നിർദ്ദേശവുമായി എൻസിആർടി. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് സുരക്ഷിതവും സുഖപ്രദവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി സ്‌കൂൾ ജീവനക്കാർക്കായി പുറത്തിറക്കിയ കരട് മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് എല്ലാ വസ്ത്രങ്ങളിലും സുഖമായിരിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ജെൻഡർ ന്യൂട്രൽ യൂണിഫോം തിരഞ്ഞെടുക്കുകയെന്ന് എൻസിആർടി ചൂണ്ടിക്കാട്ടി.
അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി ഒരു ഡിസൈനർ സ്ഥാപനമാണ് യൂണിഫോം രൂപകൽപ്പന ചെയ്യേണ്ടത്. ലിംഗഭേദമില്ലാതെ സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പാന്റ്സും ഷർട്ടും പോലുള്ള യൂണിഫോം അനുയോജ്യമാണെന്നുമാണ് പൊതുവേ അഭിപ്രായമുണ്ട്. അദ്ധ്യാപകർ ഉൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാരുടെ തസ്തികകളിലും ലിംഗവിവേചനം കൂടാതെ ട്രാൻസ്ജെൻഡർമാരെ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കുമുള്ള അപേക്ഷാ ഫോമുകളിൽ ലിംഗഭേദം അടയാളപ്പെടുത്താൻ ‘ട്രാൻസ്ജെൻഡർ’ വിഭാഗം ഉൾപ്പെടുത്തണം. ഇവർക്ക് പ്രത്യേക സ്‌കോളർഷിപ്പ് നൽകണം. ഇവർക്കെതിരായ റാഗിംഗ് തടയാൻ പ്രത്യേക സമിതികൾ രൂപീകരിക്കണം. ട്രാൻസ്ജെൻഡർ, അദ്ധ്യാപകർ, പരിശീലനം ലഭിച്ച സൈക്കോളജിക്കൽ കൗൺസിലർമാർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കണമെന്നും കരട് രേഖയിൽ പറയുന്നു.








